ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ ജക്കാർത്തയിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്. ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് മാറി 37 കിലോമീറ്റർ (23 മൈൽ) ആഴത്തിലായരിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല, ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെടുകയും കെട്ടിടങ്ങൾ കുലുങ്ങുകയും ചെയ്തതായി എഫ്പി റിപ്പോർട്ട് ചെയ്തു.
ജക്കാർത്തയിൽ ആളുകളെ കെട്ടിടങ്ങളിൽനിന്നും ഒഴിപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് പരിഭ്രാന്തരായി വീടുകളിൽനിന്നും മറ്റും പുറത്തേക്ക് ഓടിയിറങ്ങിയത്.