തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പദ്ധതി തയാറാക്കൽ വ്യാഴാഴ്ച നടക്കും. വിദ്യാഭ്യാസ -ആരോഗ്യ വകുപ്പുകളുടെ സംയുക്തയോഗമാണ് വ്യാഴാഴ്ച ചേരുന്നത്. സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകള്‍ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിലുള്ള സ്കൂളുകള്‍ക്കും ബാധകമായ രീതിയിലുള്ള പൊതുമാര്‍ഗ രേഖയാകും സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുക.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ രണ്ട് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. രണ്ട് വകുപ്പുകളുടെയും നിര്‍ദേശം പരിഗണിച്ച് ഒക്ടോബര്‍ 15നകം പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് ലക്ഷ്യം. നവംബര്‍ ഒന്നിന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെയും പത്ത്, 12 ക്ലാസുകളിലെയും കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ സ്കൂളുകളില്‍ എത്തിക്കുക.
ഒരുസമയം ഹാജരാകേണ്ട കുട്ടികളുടെ എണ്ണം പത്ത്, 12 ക്ലാസുകളെ അപേക്ഷിച്ച് പ്രൈമറി ക്ലാസുകളില്‍ കുറക്കാനാണ് ആലോചന. ഓരോ സ്കൂളുകളിലെയും കുട്ടികളുടെ എണ്ണംകൂടി പരിഗണിച്ചായിരിക്കും ഒരു സമയം ഹാജരാകേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിര്‍ദേശം നല്‍കുക. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുള്ളതിനാല്‍ ഇവിടങ്ങളില്‍ നാലിലൊന്ന് കുട്ടികള്‍ ഹാജരാകണമെന്ന് നിബന്ധന വെച്ചാല്‍പോലും കൂടുതല്‍ കുട്ടികള്‍ ഒരേസമയം വരുന്ന സാഹചര്യം ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മാര്‍ഗരേഖ തയാറാക്കുക.