ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ സംഘം വിദേശത്തേക്ക്. പ്രധാന സാക്ഷികളായ മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും മൊഴിയെടുക്കാനായി അന്വേഷണ സംഘം മാലിയിലേക്കും ശ്രീലങ്കയിലേക്കും തിരിക്കും. ചാരക്കേസിൽ ഇരുവരും ക്രൂര പീഡനത്തിന് ഇരയായിരുന്നു. ഡൽഹി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ഇവരെ കാണാനായി പോകുന്നത്.
ശ്രീലങ്കയിലെ കൊളംബോയിലാണ് ഫൗസിയ ഹസൻ താമസിക്കുന്നത്. അടുത്ത മാസം ഇവരുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ മാസം 19നും 21നുമായി മൊഴിയെടുക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ശ്രീലങ്കയിൽ കടുപ്പിച്ചതോടെയാണ് മാറ്റിവെച്ചത്.
ആദ്യം മാലിയിലേക്ക് തിരിക്കുന്ന സംഘം മറിയം റഷീദയുടെ മൊഴിയെടുത്ത ശേഷമാകും ശ്രീലങ്കയിലേക്ക് പോകുക. ഇവരെ ഇന്ത്യയിലെത്തിച്ച് മൊഴിയെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാൽ വരാനാകില്ലെന്ന് ഫൗസിയ ഹസൻ അറിയിക്കുകയായിരുന്നു.