ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗരാജ്യങ്ങൾ ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകൻ കരീം അഹമ്മദ് ഖാനെ ട്രൈബ്യൂണലിന്റെ അടുത്ത ചീഫ് പ്രോസിക്യൂട്ടറായി തിരഞ്ഞെടുത്തു. ഒമ്പത് വര്‍ഷമാണ് കാലാവധി.
ന്യൂയോർക്കിലെ യുഎൻ പൊതുസഭയിൽ വെള്ളിയാഴ്ച നടന്ന രണ്ട് റൗണ്ട് വോട്ടെടുപ്പിന് ശേഷം ഖാൻ മറ്റ് മൂന്ന് സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഹേഗ് ആസ്ഥാനമായുള്ള കോടതിയുടെ മൂന്നാമത്തെ പ്രോസിക്യൂട്ടറായി. ആദ്യ റൗണ്ട് വോട്ടുകൾക്ക് ശേഷം രണ്ടാമത്തെ റൗണ്ടില്‍ രേഖപ്പെടുത്തിയ 123 വോട്ടുകളിൽ 72 ഉം ഖാന്‍ നേടി. വിജയിക്കാൻ 62 വോട്ടുകളാണ് ആവശ്യം.
സ്പെയിനിന്റെ കാർലോസ് കാസ്ട്രെസാന ഫെർണാണ്ടസ്, അയർലണ്ടിലെ ഫെർഗൽ ഗെയ്‌നർ, ഇറ്റലിയിലെ ഫ്രാൻസെസ്കോ ലോ വോയ് എന്നിവരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
വിവിധ സർക്കാരുകൾ, രാഷ്ട്രത്തലവന്മാർ, രാഷ്ട്രീയ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ഇരകൾ എന്നിവരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഖാന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
2018 ൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ന്യൂനപക്ഷമായ യാസിദികൾക്കെതിരെ നടത്തിയ അതിക്രമങ്ങൾ അന്വേഷിക്കുന്ന ഒരു പുതിയ ടീമിനെ നയിക്കാൻ പ്രത്യേക ഉപദേശകനായി
ഖാനെ നിയമിച്ചു.
ജൂണ്‍ 16-ന് ഒമ്പതു വർഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ഐസിസി ചീഫ് പ്രോസിക്യൂട്ടർ ഫാറ്റൗ ബെൻസൂദയിൽ നിന്ന് ഖാൻ ചുമതലയേൽക്കും.
ഗാംബിയ സ്വദേശിനിയായ ബെൻസൂദ ആഫ്രിക്കൻ യുദ്ധപ്രഭുക്കളെയും ലോകശക്തികളെയും ഒരുപോലെ പിന്തുടരുന്ന ഒരു പ്രോസിക്യൂട്ടറാണ്. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈനികർ നടത്തിയ ആരോപണവിധേയമായ യുദ്ധക്കുറ്റങ്ങൾ അന്വേഷിച്ചതിനും, ഫലസ്തീനികളോട് ഇസ്രായേൽ പെരുമാറിയതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതിനും യു എസില്‍ ട്രംപ് ഭരണകൂടത്തിന്റെ അതൃപ്തിക്ക് ബെന്‍സൂദ ഇരയാകുകയും ചെയ്തു.