തൃശ്ശൂര്‍ ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമായ പഴയന്നൂരിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘സ്റ്റാർസ് ഓഫ് പഴയന്നൂര്‍’ കുറഞ്ഞ കാലം കൊണ്ടു തന്നെ വ്യത്യസ്തമായ കലാവിരുന്നുകൾ കൊണ്ട് സമൂഹ മനസ്സില്‍ കുടിയേറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ചരിത്രത്തില്‍ ആദ്യമായി വൻ പ്രേക്ഷക ശ്രദ്ധ നേടി കൊച്ചുകുട്ടികൾ മുതൽ കുടുംബിനികൾ വരെ ആവേശപൂർവ്വം നെഞ്ചിലേറ്റിയ ‘നര്‍ത്തകി’ എന്ന ഓൺലൈൻ നൃത്തമത്സരവും, ആഘോഷങ്ങൾക്ക് പരിമിതികളേർപ്പെടുത്തിയ ഓണക്കാലത്തെ അത്തപ്പൂക്കള മത്സരവും, അവസാനം ഫെബ്രുവരി ഏഴിന് പഴയന്നൂരിലെ ഹാളിൽ വെച്ച് നടന്ന സ്റ്റാര്‍ സിംഗർ ഫൈനൽ മത്സരവുമടക്കം കലയുടെ വൈവിധങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് ഈ സൗഹൃദക്കൂട്ടായ്മ.
മാനുഷിക മൂല്യങ്ങളും ദേശസ്നേഹവും ഉൾകൊള്ളുന്ന ചലച്ചിത്രങ്ങള്‍ക്ക് ജീവൻ നൽകിയ ‘മേജർ രവി’ യും, പ്രശസ്ത സംഗീതജ്ഞനായ മോഹനൻ മാസ്റ്ററും, നർത്തക രത്നം ‘ലക്ഷ്മി ശ്രീ മിഥുൻ’ കലാക്ഷേത്രയും, സംവിധായകൻ എം പത്മകുമാറും, യുവനടൻ കൈലാഷും പഴയന്നൂരിന്റെ ജനനായകർ പി കെ മുരളീധരൻ സാറും (പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) , ശ്രീജയൻ സാറുമടക്കം (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പഴയന്നൂർ ബ്ളോക്ക് പഞ്ചായത്ത്) നിരവധി പ്രഗത്ഭ വ്യക്തികള്‍ പങ്കെടുത്ത സ്റ്റാര്‍ സിംഗർ സൂപ്പർ ക്ലൈമാക്സ് എന്ന പരിപാടി മിടുമിടുക്കരായ കലാകാരന്മാരെയാണ് നാടിന് സമ്മാനിച്ചിരിക്കുന്നത്.
ഫൈനല്‍ മത്സരത്തില്‍ എത്തിയ പാർവതി, സഞ്ജന, ഹരികൃഷ്ണൻ, ജയറാം, പ്രീത, ലക്ഷ്മി, രാധിക, രഞ്ജിത്ത് എന്നിവരടക്കം മുപ്പതോളം സഗീതോപാസകരും, നൃത്ത കലക്ക് വലിയ മുതൽ കൂട്ടായ നിരവധി നർത്തകരെയും വാർത്തെടുക്കുവാനായത് സോഷ്യല്‍ മീഡിയയിലെ ഈ അത്ഭുത കൂട്ടായ്മയുടെ വിജയം തന്നെയാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ബിഗ് ബജറ്റ് പ്രോഗ്രാമുകളോട് കിടപിടിക്കുന്ന മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത് മത്സരാർത്ഥികളുടെ വീടിന്റെ അകത്തളത്തിൽ നിന്നാണെന്നറിയുമ്പോഴാണ് അമേരിക്കയിലും യൂറോപ്പിലും ഗൾഫ് നാടുകളില്‍ വരെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടികളുടെ മഹത്വം മനസ്സിലാക്കേണ്ടത്. ഓൺലൈനായി നടന്ന മത്സരങ്ങൾക്ക് വിധി നിര്‍ണയം നടത്തിയവരിൽ പഴയന്നൂരിന്റെ പഴയകാല ഗായകൻ, മുംബൈയിൽ താമസമാക്കിയ ബാലസുബ്രഹ്മണ്യന്‍ അയ്യരും, മലയാളി അല്ലാത്ത ഗായകൻ ആദി ഗോപാലും ഭാഗഭാക്കായത് ശ്രദ്ധേയം തന്നെയായിരുന്നു.
കലാമനസ്സുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി എത്തിയ വ്യക്തികളും സ്ഥാപനങ്ങളും കലയെ മാത്രമല്ല ഉൾകൊണ്ടത്. നമ്മുടെ പൂർവ്വികരുടെ മഹത്തായ പൈതൃകത്തെയും പാരമ്പര്യത്തെയും പുതു തലമുറക്കും അനുഭവവേദ്യമാക്കണമെന്ന് ദൃഢപ്രതിജ്ഞയെടുത്ത പഴയന്നൂരിന്റെ താരകങ്ങൾ എന്ന നവ സംസ്കൃതിയെ കൂടിയാണ്.