യുക്രെയ്നിൽ ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയത് 20,000 വിദേശികളെന്ന് റിപ്പോർട്ട്

 

റഷ്യയ്ക്കെതിരെ യുക്രെയ്നിൽ ആയുധമെടുത്ത് പോരാടാൻ ഇറങ്ങിയത് 20,000 വിദേശികളെന്ന് റിപ്പോർട്ട്. യുക്രെയ്നിലെ ഇംഗ്ലിഷ് ദിനപത്രമായ ‘ദ് കീവ് ഇൻഡിപെൻഡന്റാണ്’ ഇക്കാര്യം പുറത്തുവിട്ടത്. മാർച്ച് 6 വരെയുള്ള കണക്കാണിതെന്നാണ് വിവരം.

വിദേശ പൗരന്മാർക്ക് ആവശ്യമെങ്കിൽ യുക്രെയ്ൻ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും യുക്രെയ്ൻ ആഭ്യന്തര സഹമന്ത്രിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. യുക്രെയ്നു വേണ്ടി പോരാടാൻ തയാറായുള്ള വിദേശികളെ ഉൾപ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആഹ്വാനം ചെയ്തിരുന്നു.

അതിനിടെ, യുക്രെയ്നു യുദ്ധവിമാനങ്ങള്‍ നല്‍കാനുളള പോളണ്ടിന്റെ നീക്കം എതിര്‍ത്ത് യുഎസ് രംഗത്തെത്തി. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. തീരുമാനം നാറ്റോ നയത്തിന് ചേര്‍ന്നതല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. റഷ്യന്‍ നിര്‍മിത മിഗ്–29 വിമാനങ്ങള്‍ യുക്രെയ്ന് നല്‍കുമെന്നായിരുന്നു പോളണ്ടിന്റെ പ്രഖ്യാപനം.