യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യൻ മേജർ ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മേജർ ജനറൽ ആന്ദ്രേ സുഖോവ്സ്‌കിയാണ് യുക്രെയിനിൽ കൊല്ലപ്പെട്ടത്. റഷ്യയുടെ ഏഴാമത് എയർബോൺ ഡിവിഷൻ കമാൻഡറാണ് സുഖോവ്സികി. യുദ്ധം ഒൻപതാം ദിവസത്തിലെത്തി നിൽക്കുമ്പോഴാണ് റഷ്യൻ ഭാഗത്ത് വലിയ നഷ്ട്ടം വരുത്തി മേജർ ജനറൽ സുഖോവ്സ്‌കി കൊല്ലപ്പെട്ടതായ വാർത്ത പുറത്തുവരുന്നത്.
സൈനിക നടപടി അനുദിനം ശക്തമാക്കിക്കൊണ്ടിരിക്കുന്ന റഷ്യക്ക് കനത്ത നഷ്ടമാണ് സുഖോവ്സ്‌കിയുടെ മരണം. തെക്കൻ റഷ്യയിലെ ക്രാസ്നോദറിലെ പ്രദേശിക സൈനിക ഓഫീസർമാർമാരുടെ അസോസിയേഷനാണ് സുഖോവ്സ്‌കിയുടെ മരണം സ്ഥിരീകരിച്ചത്. സുഖോവ്സ്‌കി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തെന്നും ഇനിയും വ്യക്തമായിട്ടില്ല.