കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ച് അമേരിക്കയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ടെക്‌സാസിലാണ് ഒമിക്രോൺ ബാധിച്ചയാൾ മരിച്ചത്. ഇയാൾ കൊവിഡ് പ്രതിരോധ വാക്‌സിൻ എടുത്തിരുന്നില്ലെന്ന് ഹാരിസ് കൗണ്ടി അധികൃതർ വ്യക്തമാക്കി. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോൺ മരണമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല
അമ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള ആളാണ് മരിച്ചത്. പ്രായമുള്ളവർ കൊവിഡ് വാക്‌സിൻ എടുക്കാതിരിക്കുകയും കൊവിഡ് ബാധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഗുരുതര സാഹചര്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഹാരിസ് കൗണ്ടി ആരോഗ്യ അധികൃതർ പറയുന്നു.
നിലവിൽ അമേരിക്കയിലുള്ള കൊവിഡ് കേസുകളിൽ 73 ശതമാനവും ഒമിക്രോൺ വകഭേദമാണ്. ബ്രിട്ടനിലാണ് ലോകത്തെ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്. ഇതിനോടകം ഒമിക്രോൺ ബാധിച്ച് ബ്രിട്ടനിൽ 12 പേർ മരിച്ചിട്ടുണ്ട്. 104 പേർ ഗുരുതാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.