ആവർത്തിച്ച് കള്ളം പറഞ്ഞു; ട്രംപിന്റെ ലൈവ് സംപ്രേഷണം ചാനലുകൾ പാതിവഴിയിൽ അവസാനിപ്പിച്ചു

അമേരിക്കയിൽ തെരഞ്ഞെടുപ്പ് ഫലത്തെ സംശയമുനയിൽ നിർത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലൈവ് വാർത്താ സമ്മേളനം പാതിവഴിക്ക് നിർത്തിവെച്ച് അമേരിക്കയിലെ വാർത്താ ചാനലുകൾ. പ്രസിഡന്റ് കള്ളം പറയാൻ ആരംഭിച്ചതോടെയാണ് ചാനലുകൾ ലൈവ് സംപ്രേഷണം നിർത്തിവെച്ചത്.

ഇതാദ്യമായാണ് യുഎസ് പ്രസിഡന്റിന്റെ വാർത്താസമ്മേളനം ചാനലുകൾ ഇടയ്ക്ക് വെച്ച് നിർത്തുന്നത്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസിഡന്റ് പറയുന്നു എന്ന കാരണത്താലാണ് നടപടി. തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകൾ അട്ടിമറിച്ചു, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തു, എന്നൊക്കെയായിരുന്നു ട്രംപിന്റെ ആരോപണം

ആരോപണം ആവർത്തിച്ചതോടെയാണ് മാധ്യമങ്ങളുടെ അസാധരണ നടപടിയുണ്ടായത്. പ്രസിഡന്റിന്റെ വാർത്താ സമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, തിരുത്തുക കൂടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് എംഎസ്എൻബിസി ചാനൽ അവതാരകൻ സംപ്രേഷണം നിർത്തിയത്. എൻ ബി സി, എബിസി ന്യൂസും സമാന രീതിയിൽ സംപ്രേഷണം നിർത്തുകയുണ്ടായി.