വാഷിങ്ടണ്‍: കൊവിഡ് ചികില്‍സയിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപോര്‍ട്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് താഴ്ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് സപ്ലിമെന്ററി ഓക്സിജന്‍ നല്‍കിയതായും ഡെക്സാമെത്താസോണ്‍ കൊടുത്തുവെന്നും പ്രസിഡന്റിന്റെ പേഴ്സനല്‍ ഫിസീഷ്യന്‍ ഡോ. സീന്‍ പി കോണ്‍ലിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ട്രംപിന് കൊവിഡ് ഗുരുതരമാണെന്ന സൂചനയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.
പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച് തങ്ങള്‍ ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും ഫിസിഷ്യന്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച കടുത്ത പനിയുണ്ടായിരുന്ന ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് രണ്ടുതവണ ക്രമാതീതമായി കുറഞ്ഞിരുന്നു. ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 93 ശതമാനമായിരുന്നു. ഇത് സാധാരണനിലയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 94 ല്‍ താഴെയുള്ളതെല്ലാം ഗുരുതരസ്വഭാവമുള്ള കൊവിഡ് കേസുകളായാണ് പരിഗണിക്കുന്നത്. ആന്റിവൈറല്‍ മരുന്നായ റെംഡിസിവിറിന് പുറമെയാണ് ഡെക്‌സാമെത്താസോണ്‍ സ്റ്റെറോയിഡ് നല്‍കിയത്. സീരിയസ് കേസുകളില്‍ മാത്രമേ ഡെക്‌സാമെത്താസോണ്‍ ഉപയോഗിക്കാറുള്ളൂ.
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമേ ഡെക്സാമെത്താസോണ്‍ നല്‍കാവൂ എന്ന് സപ്തംബര്‍ 2ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ആരോഗ്യനില മോശമാണെന്നാണ് ഡെക്‌സാമെത്താസോണ്‍ നല്‍കിയതിലൂടെ വ്യക്തമാവുന്നത്. വെള്ളിയാഴ്ചയാണ് ഓക്‌സിജന്റെ പിന്തുണ നല്‍കിയത്. ശനിയാഴ്ച ഇത് വീണ്ടും നല്‍കിയിട്ടുണ്ടോയെന്നത് സംബന്ധിച്ചോ രക്തത്തിലെ ഓക്സിജന്റെ അളവ് 90 ല്‍ താഴെ ആയിട്ടുണ്ടോയെന്നത് സംബന്ധിച്ചോ വൈറ്റ് ഹൗസ് വ്യക്തതവരുത്തിയിട്ടില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.