കൊവിഡിന് അതിര്‍ത്തികളില്ല; യാത്രാവിലക്ക് ഫലപ്രദമല്ലെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്‌: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘അതിരുകളില്ലാത്ത വൈറസാണിത്. ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങള്‍ അന്യായം മാത്രമല്ല, ഫലപ്രദവുമല്ല. പകരം യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടത്’- യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്  നിരവധി രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണം.

പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട രാജ്യങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കരുത്. മറിച്ച് യാത്രക്കാരുടെ പരിശോധന വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇതിന് പുറമെ കാര്യക്ഷമമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

നെതര്‍ലാന്‍ഡ്സ് മുതല്‍ ബ്രിട്ടന്‍ വരെയും കാനഡ മുതല്‍ ഹോങ്കോങ് വരെയും സ്ഥിരീകരിച്ച വകഭേദത്തെ ആദ്യം തിരിച്ചറിഞ്ഞതിന് തങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ പറഞ്ഞു.

ഞങ്ങളുടെ രാജ്യത്തിനും മറ്റു സഹോദര രാജ്യങ്ങള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ എല്ലാ രാജ്യങ്ങളോടും അവരുടെ തീരുമാനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.

യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ ചെയ്യുന്ന ഒരേയൊരു കാര്യം, ദുരിതബാധിത രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ തകര്‍ക്കുകയും പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറാനുള്ള അവരുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു എന്നുള്ളതാണ്. നിയന്ത്രണങ്ങള്‍ രാജ്യത്തോട് കാണിക്കുന്ന അനീതിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ പറഞ്ഞു.