വാഷിങ്ടണ്‍: പുതിയ രാഷ്രീയ സാഹചര്യത്തില്‍ രാജ്യത്തെ ആരു നയിക്കുമെന്നതില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 3.30ന് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെ അവസാനിക്കും. 50 സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ രാവിലെ മുതല്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. ജനുവരി ആറിന് പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ ഔദ്യോഗിക ഫലം പുറത്തുവരും. പ്രതിദിനം ഒരു ലക്ഷം പുതിയ കൊവിഡ് രോഗികള്‍ ഉണ്ടാകുന്ന അമേരിക്ക മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. 538 ഇലക്റ്ററല്‍ വോട്ടര്‍മാരെ അമ്പതു സംസ്ഥാനങ്ങളും ഫെഡറല്‍ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേര്‍ന്ന് തിരഞ്ഞെടുക്കും. ഇതില്‍ 270 പേരുടെ പിന്തുണ നേടുന്നയാള്‍ അടുത്ത അമേരിയ്ക്കന്‍ പ്രസിഡന്റാകും. ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ പത്തു കോടി പേര്‍ തപാലില്‍ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകള്‍ എങ്കിലും വോട്ടു ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍.
വെര്‍മോണ്‍ഡ് സംസ്ഥാനത്താണ് ആദ്യം പോളിങ് നടക്കുക.ഇന്ത്യന്‍ സമയം ഇന്ന് ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിംഗ് തുടങ്ങും. അലാസ്‌കയിലും ഹവായിയിലും പോളിംഗ് തീരാന്‍ ഇന്ത്യന്‍ സമയം നാളെ രാവിലെ പത്തരയാകും. ചില സംസ്ഥാനങ്ങള്‍ ഈ മാസം പതിമൂന്നു വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. ഫ്‌ലോറിഡ, പെന്‍സില്‍വാനിയ, ഒഹായോ, മിഷിഗണ്‍, അരിസോണ, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ എല്ലാം ഇഞ്ചോടിഞ്ചു പോരാട്ടമാണ്. അതുകൊണ്ടുതന്നെ ഇതുവരെ വന്ന അഭിപ്രായ സര്‍വേകളിലെ ബൈഡനാണ് മുന്നിലെന്ന പ്രവചനം റിപ്പബ്ലിക്കന്‍ പക്ഷം കാര്യമാക്കുന്നില്ല. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും അവസാന നിമിഷം അട്ടിമറി ജയം ഉണ്ടാകുമെന്ന് ട്രംപ് അവകാശപ്പെടുന്നു.