45 ദിവസത്തിനകം ടിക്‌ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. അമേരിക്കയില്‍ ടിക്‌ടോക്ക് നിരോധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ട്രംപിന് ഞായറാഴ്ച്ചയാണ് മനംമാറ്റമുണ്ടായത്. ബൈറ്റ് ഡാന്‍സിന് 45 ദിവസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ട്. ഇതിനകം അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റുമായി ബൈറ്റ് ഡാന്‍സ് ധാരണയിലെത്തണം, ടിക്ക്‌ടോക്കിനെ വില്‍ക്കാന്‍.
വെള്ളിയാഴ്ച്ച വരെ ടിക്‌ടോക്ക് വിലക്കണമെന്ന പക്ഷക്കാരനായിരുന്നു ട്രംപ്. ഇതിനുള്ള തയ്യാറെടുപ്പുകളും അമേരിക്കന്‍ പ്രസിഡന്റ് കൈക്കൊള്ളുകയുണ്ടായി. ദേശീയസുരക്ഷത്തന്നെ പ്രശ്‌നം. ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ടിക്‌ടോക്ക് ചോര്‍ത്തുമെന്ന ഭീതി ഭരണകൂടത്തിനുണ്ട്. എന്നാല്‍ ഇതിനിടയിലാണ് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് ടിക്‌ടോക്കില്‍ താത്പര്യം അറിയിച്ച് രംഗത്തുവന്നത്. ബൈറ്റ് ഡാന്‍സില്‍ നിന്നും ടിക്‌ടോക്കിനെ വാങ്ങാന്‍ മൈക്രോസോഫ്റ്റിന് ആഗ്രഹമുണ്ട്. മൈക്രോസോഫ്റ്റ് മേധാവി സത്യാ നാഡെല്ല ഡോണള്‍ഡ് ട്രംപിനെ നേരിട്ടുകണ്ട് ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മനംമാറ്റം.
സെപ്തംബര്‍ 15 -നകം ബൈറ്റ് ഡാന്‍സും മൈക്രോസോഫ്റ്റും തമ്മില്‍ ധാരണയിലെത്തണം. ഇല്ലെങ്കില്‍ ടിക്‌ടോക്കിനെ അമേരിക്കയില്‍ നിരോധിക്കും, ബൈറ്റ് ഡാന്‍സിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ട്രംപിന്റെ ചില ഉപദേഷ്ടാക്കളും നിരവധി പ്രമുഖ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ടിക്‌ടോക്കിന്റെ വില്‍പ്പനയെ പിന്തുണയ്ക്കാന്‍ ട്രംപിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വിവരമുണ്ട്. അമേരിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള വിദേശ നിക്ഷേപ സമിതി ബൈറ്റ് ഡാന്‍സും മൈക്രോസോഫ്റ്റും തമ്മിലെ സന്ധിചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കും. രാജ്യതാത്പര്യത്തിന് വിരുദ്ധമെന്ന് കണ്ടാല്‍ ഏതു കരാറും അസാധുവാക്കാന്‍ വിദേശ നിക്ഷേപ സമിതിക്ക് അധികാരമുണ്ട്.