ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേ ഓഫില്‍

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേ ഓഫില്‍ കയറി. ഇന്ന് നടന്ന മല്‍സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി പ്ലേ ഓഫിലെ രണ്ടാം സ്ഥാനക്കാരായി എത്തിയത്. റണ്‍റേറ്റ് മികവില്‍ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനക്കാരായും പ്ലേ ഓഫിലേക്ക് യോഗ്യത നേടി.

ബാംഗ്ലൂര്‍ നല്‍കിയ 153 റണ്‍സ് ലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടുകയായിരുന്നു. ആറ് വിക്കറ്റിന്റെ ജയവുമായാണ് ഡല്‍ഹി പ്ലേ ഓഫില്‍ കയറിയത്. നിര്‍ണ്ണായക മല്‍സരത്തില്‍ ഫോമിലേക്കുയര്‍ന്ന അജിങ്ക്യാ രഹാനെയും(60), ശിഖര്‍ ധവാനും (54) ആണ് ഡല്‍ഹിക്ക് വന്‍ ജയമൊരുക്കിയത്. 41 പന്തില്‍ നിന്നാണ് ധവാന്റെ ഇന്നിങ്‌സ്. 46 പന്തില്‍ നിന്നാണ് രഹാന 60 റണ്‍സ് നേടിയത്. അയ്യരും (8), സ്റ്റോണിസും (10) പുറത്താവാതെ നിന്നു.

 

ടോസ് ലഭിച്ച ഡല്‍ഹി ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കലും (50) ഡിവില്ലിയേഴ്‌സും (35) ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കിയിരുന്നു. കോഹ്‌ലി 29 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ഫോം കണ്ടെത്താനായില്ല. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ട്ട്‌ജെ മൂന്നും റബാദ രണ്ടും വിക്കറ്റ് നേടി.