കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീദിന്റെ പരാമർശം. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടുന്നില്ലെന്നുമായിരുന്നു താലിബാന്റെ നേരത്തെയുള്ള നിലപാട്.
മുസ്ലിം എന്ന നിലയിൽ ജമ്മു കാശ്മീരിലെ മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. ജമ്മു കാശ്മീരിൽ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള മുസ്ലീങ്ങളുടെ വിഷയത്തിൽ അവർക്ക് വേണ്ടി ഞങ്ങൾ നിലകൊള്ളുമെന്നും സുഹൈൽ പറഞ്ഞു
എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണമൊന്നും വന്നിട്ടില്ല. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരവാദത്തിനായി ഉപയോഗപ്പെടുത്തരുതെന്ന് ഇന്ത്യ നേരത്തെ താലിബാനോട് ആവശ്യപ്പെട്ടിരുന്നു.