ഓപറേഷൻ ഗംഗയിൽ അണിചേർന്ന് വ്യോമസേനയും. പുലർച്ചെയോടെ വ്യോമസേനയുടെ പ്രത്യേക വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു. ഇന്ന് നാലിലിധികം വിമാനങ്ങൾ യുക്രൈനിൽ നിന്നുള്ളവരുമായി ഡൽഹിയിൽ എത്തും. പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്നെത്തുന്നുണ്ട്.
ഇതിനോടകം 2500ലധികം പേരെയാണ് യുക്രൈനിൽ നിന്നും രാജ്യത്ത് തിരികെ എത്തിച്ചത്. ഇന്നലെ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട ഖാർകീവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈന്റെ അതിർത്തി രാജ്യമായ മാൽഡോവയും അതിർത്തികൾ തുറന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു
ഇന്ത്യൻ വിദ്യാർഥികൾക്ക് അതിർത്തി കടക്കാൻ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവർക്ക് വെള്ളവും ഭക്ഷണവും വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങളാണ് അയക്കുക.
- ഖാർകീവിലും സുമിയിലുമായി 4000 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു. അതേസമയം ഖാർകീവിൽ കൊല്ലപ്പെട്ട നവീൻ എന്ന വിദ്യാർഥിയുടെ മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.