യുക്രൈൻ മണ്ണിൽ റഷ്യൻ സൈന്യവുമായി ഏറ്റുമുട്ടലിന് അമേരിക്കൻ സൈന്യം തയ്യാറല്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ ജനത യുക്രൈന് ഒപ്പമാണെന്നും യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. റഷ്യക്കെതിരായ പോരാട്ടത്തിൽ അമേരിക്ക പങ്കാളിയാകില്ല. എന്നാൽ തന്റെ രാജ്യം സഖ്യകക്ഷികളുമായി ചേർന്ന് നാറ്റോ പ്രദേശങ്ങൾ സംരക്ഷിക്കും
അമേരിക്കയും സഖ്യകക്ഷികളും കൂട്ടായ ശക്തി ഉപയോഗിച്ച് നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കും. യുക്രൈൻ ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തിൽ പുടിൻ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ദീർഘകാലടിസ്ഥാനത്തിൽ പുടിന് വലിയ വില നൽകേണ്ടി വരും
നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കുന്നതിൽ നിന്നും റഷ്യയെ പ്രതിരോധിക്കുകയും പുടിനെ പടിഞ്ഞാറോട്ട് നീങ്ങുന്നതിൽ തടയുകയും ചെയ്യും. പോളണ്ട്, റൊമാനിയ, ലാത്വിയ, ലിത്വാനിയ, എസ്‌തോനിയ തുടങ്ങിയ രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക സേനാവിന്യാസം നടത്തിയതായും ബൈഡൻ പറഞ്ഞു.