നോക്കുകുത്തി പ്രസിഡന്റ് ആകാനില്ല; അതൃപ്തി മാറാതെ കെ സുധാകരൻ

 

കെപിസിസി പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്തി മാറാതെ കെ സുധാകരൻ. എല്ലാവരുമായി ചർച്ച നടത്തിയിട്ടും എംപിമാർക്ക് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പുനഃസംഘടന നിർത്തിവെപ്പിച്ചതിലാണ് കെപിസിസി പ്രസിഡന്റിന്റെ രോഷം. പ്രസിഡന്റ് സ്ഥാനത്ത് നോക്കുകുത്തിയായി തുടരാനില്ലെന്ന് എഐസിസി നേതൃത്വത്തെ സുധാകരൻ അറിയിച്ചു

എഐസിസി നേതാക്കളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല. അനുനയ നീക്കം ഇന്നും തുടരും. കെ സി വേണുഗോപാലും വി ഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ നോക്കുന്നുവെന്ന സംശയമാണ് സുധാകരന്. എന്നാൽ എംപിമാരുടെ പരാതി പരിഹരിക്കാതെ എങ്ങനെ മുന്നോട്ടു പോകാനാകുമെന്ന നിലപാടാണ് വി ഡി സതീശനുള്ളത്

ഡിസിസി പുനഃസംഘടനാ അന്തിമ പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡ് ഇടപെട്ട് പുനഃസംഘടന നിർത്തിയത്. ഇതോടെ സുധാകരൻ കടുത്ത രോഷത്തിലായി. ഗ്രൂപ്പുകളോടും എംപിമാരോടും എംഎൽഎമാരോടും പലതവണ ചർച്ച നടത്തിയെന്നാണ് സുധാകരൻ പറയുന്നത്. ഇതിന് പിന്നിൽ ആസുത്രിത നീക്കമുണ്ടെന്നും സുധാകരൻ സംശയിക്കുന്നു.