കടുത്ത സമ്മർദവുമായി ഇന്ത്യ; യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കുമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനീസ് അലിപോവ് ആണ് ഇക്കാര്യം അറിയിച്ചത്. യുക്രൈന്റെ കിഴക്കൻ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ നേരത്തെ പലതവണ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇതുവരെ അവർ പ്രതികരിച്ചിരുന്നില്ല

നിലവിൽ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും എപ്പോൾ മുതൽ റഷ്യ വഴിയുള്ള രക്ഷാദൗത്യം തുടങ്ങാനാകുമെന്ന് വ്യക്തമല്ല. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയവർക്ക് തിരികെ വരാൻ പാതയൊരുക്കാമെന്നാണ് റഷ്യ പറയുന്നത്. ഖാർകീവ്, സുമി നഗരങ്ങളിൽ ഉള്ളവർക്ക് യുക്രൈനിൽ നിന്നും പുറത്തുകടക്കാൻ ഏറ്റവും എളുപ്പം റഷ്യ വഴിയാണ്. നാലായിരത്തോളം പേരാണ് ഈ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.

റഷ്യ വഴിയുള്ള രക്ഷാദൗത്യം ആരംഭിക്കുകയാണെങ്കിൽ ഇന്ത്യക്ക് മുന്നിലുള്ള വലിയ പ്രതിസന്ധിയാണ് ഒഴിവാകുന്നത്. ഖാർകീവിൽ കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടതോടെയാണ് റഷ്യക്ക് മേൽ സമ്മർദമേറിയത്. റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ വിദേശകാര്യ മന്ത്രാലയം കടുത്തനിലപാട് എടുത്തതോടെയാണ് റഷ്യ വീണ്ടുവിചാരത്തിന് തയ്യാറായത്

ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കാനാകില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കി. സുരക്ഷിതമായി ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ യുക്രൈൻ വിഷയത്തിലെ ഇന്ത്യൻ നിലപാട് മാറുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.