വിസ്മയ കേസ്: പ്രതി കിരൺകുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

 

കൊല്ലം വിസ്മയ ആത്മഹത്യ കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായിരുന്ന കിരൺകുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺകുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി അംഗീകരിച്ച സുപ്രീം കോടതി കിരൺ കുമാറിന് റഗുലർ ജാമ്യം തന്നെ അനുവദിച്ചു

ഇനി വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരൺ കുമാറിന് ജയിലിൽ പോകേണ്ടതുള്ളു. വിസ്മയ കേസിന്റെ വിചാരണയിൽ പ്രധാന സാക്ഷികളെ അടക്കം വിസ്തരിച്ച സാഹചര്യത്തിൽ ജാമ്യം നൽകുന്നതിൽ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.