നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി തള്ളി. ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

സിനിമാ മേഖലയിൽ നിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

കേസിൽ നേരത്തെ ഹൈക്കോടതിയിലാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് അടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്. അതേസമയം പ്രോസിക്യൂഷൻ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.