വയനാട് ജില്ലയില്‍ കാരാപ്പുഴ ജലസേചനപദ്ധതിയിലെ ഇടത് – വലതുകര കനാലുകളിലൂടെ പൂര്‍ണമായി ജലസേചനസൗകര്യമൊരുക്കും. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ജലസേചനവകുപ്പിന്റെ വാര്‍ഷിക പദ്ധതി പുരോഗതി അവലോകനയോഗത്തിലാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.
കാരാപ്പുഴ പദ്ധതിക്ക് 2018, 2019 വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം സാരമായ കേടുപാടുകളുണ്ടാക്കിയിരുന്നു. ഇവയുടെ അറ്റകുറ്റ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തി പൂര്‍ണമായ തേയാതില്‍ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴ കുറുകെ വാഴവറ്റ എന്ന പ്രദേശത്താണ് നിര്‍മിച്ചിട്ടുള്ളത്. 625 മീറ്റര്‍ നീളത്തിലും 28 മീറ്റര്‍ ഉയരത്തിലുമുള്ള, മണ്ണു കൊണ്ടു നിര്‍മിച്ച ഈ ഡാമില്‍നിന്നും 5600 ഹെക്ടര്‍ സ്ഥലത്ത് 130 കിലോമീറ്റര്‍ നീളം വരുന്ന കനാല്‍ ശൃംഖല വഴി ജലവിതരണം നടത്തുകയാണ് ലക്ഷ്യം. ഡാമിന്റെ ജലസംഭരണ ശേഷി 76.5 മില്യന്‍ ഘനമീറ്റര്‍ ആണ്.
ഈ കനാലുകള്‍ കടന്നുപോകുന്ന പ്രദേശത്തെ നാണ്യവിളകള്‍ ഉള്ള കൃഷിയിടങ്ങളിലേക്ക് പൈപ്പുകള്‍ വഴി ജല വിതരണം നടത്തുന്നതിനുള്ള സാധ്യതാപഠനം നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.