കേരളത്തിന്റെ കൊവിഡ് പോരാട്ടത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല; പരിഭ്രാന്തി വേണ്ട, എല്ലാം ശരിയായ ദിശയിൽ: മുൻ ഐസിഎംആർ മേധാവി

തൃശ്ശൂർ: കേരളത്തിന്റെ കൊവിഡ് പ്രതിരോധം ശരിയായ ദിശയിലാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐസിഎംആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി ജേക്കബ് ജോൺ. രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴുണ്ടാവുന്ന വർധന സ്വാഭാവികമാണെന്നും അതിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. വളരെ മികച്ച രീതിയിലാണ് കേരളം കൊവിഡ് 19നെതിരെ പൊരുതുന്നത്. കേരളത്തിന്റെ വിജയം കൃത്യമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് ഏതെങ്കിലും വിദേശ മാധ്യമം നൽകുന്ന സാക്ഷ്യപത്രത്തിന്റെ പിൻബലത്തിലുള്ളതല്ല’

ഒരു ദിവസം ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നതുകൊണ്ട് കേരളം കൈവരിച്ച നേട്ടം ഇല്ലാതെയാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.