സംസ്ഥാനത്ത് കൊവിഡ് 19 ഉയര്‍ത്തുന്ന ഭീഷണി കൂടുതല്‍ ശക്തമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മളിതുവരെ പിന്തുടര്‍ന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയാകെ സഹകരണത്തൊടെ, വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായാല്‍ അതിനു തടയിടാന്‍ കഴിയും എന്നതില്‍ സംശയമില്ല. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകള്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും നാല് സങ്കേതങ്ങളുപയോഗിച്ചാണ്. മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി എന്നിവയാണ് അവ. ഇതില്‍ കേരളത്തിലെ കൊവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മെച്ചപ്പെട്ടതാണ് എന്ന് മനസിലാക്കാം. കേസ് ഫെറ്റാലിറ്റി റേറ്റ്, അതായത് നൂറു കേസുകള്‍ എടുത്താല്‍ എത്ര മരണമുണ്ടായി എന്ന കണക്ക്. ലോക ശരാശരി 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനവും. കേരളത്തിന്റെ കേസ് ഫെറ്റാലിറ്റി റേറ്റ് 0.39 ശതമാനം മാത്രമാണ്.
പത്തുലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു (ഡെത്ത് പെര്‍ മില്യണ്‍) എന്ന മാനദണ്ഡമെടുത്താല്‍ കേരളത്തില്‍ അത് 0.9 ആണ്. ഇന്ത്യയില്‍ 17.1 ആണ് ഡെത്ത് പെര്‍ മില്യണ്‍. വളരെ മികച്ച രീതിയില്‍ കൊവിഡ് മരണങ്ങളെ നമുക്ക് തടയാന്‍ സാധിച്ചു എന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍. ഈ കണക്കുകള്‍ ഇവിടെ പറയുന്നത് എന്തെങ്കിലും മേന്മ തെളിയിക്കാനല്ല. മറിച്ച് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ തുറന്നുകാണിക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.