വയനാട് ജില്ലാ ആശുപത്രിയെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജ് ആയി ഉയർത്തണം – മെഡിക്കല്‍ കോളേജ് വികസന സമിതി

മാനന്തവാടി:നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്‍റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജായി ഉയർത്തുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ബഹുമാനപ്പെട്ട വയനാട് എം.പി രാഹുൽ ഗാന്ധിയും തയ്യാറാകണമെന്ന് വയനാട് ജില്ലാ മെഡിക്കൽ കോളേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു

ആസ്പിരേഷൻ ജില്ലയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്. നമ്മുടെ രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന, ആകെ 3 നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണവും സംവരണ മണ്ഡലമായ, ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ഒറ്റപ്പെടുന്ന, ഗവൺമെന്‍റ് മേഖലയിൽ ഒരു മെഡിക്കൽ കോളേജോ, ട്രെയിന്‍, വിമാന യാത്രാ സൗകര്യങ്ങൾ ഒന്നുമില്ലാത്ത സാധാരണ കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ള ദുർബലവിഭാഗങ്ങള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്.

കഴിഞ്ഞ അഞ്ചുവർഷത്തെ ബഹുമാനപ്പെട്ട ഒ.ആർ കേളു എം.എൽ.എ യുടെ ശ്രമഫലമായി സംസ്ഥാന ഗവര്‍ണമെന്‍റിന്‍റെ നേതൃത്വത്തിൽ ഏതാനും മികച്ച കെട്ടിട സമുച്ചയങ്ങളും വിവിധ നവീകരണ പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കുകയും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുവാനും കഴിഞ്ഞത് അനുകൂല സാഹചര്യമാണ്.

ജില്ലാ ആശുപത്രിയും, നല്ലൂർനാട് പ്രവർത്തിക്കുന്ന ട്രൈബൽ കാൻസർ ആശുപത്രിയും സംയോജിപ്പിച്ച് താല്‍കാലികമായി മെഡിക്കൽ കോളേജ് ആരംഭിക്കുവാനുള്ള സൗകര്യം ഒരുക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. നിലവില്‍ ജില്ലാ ആശുപത്രിയുടെ ഒന്നര കിലോമീറ്റർ സമീപത്തുള്ള അമ്പുകുത്തിയിലുള്ള 50 ഏക്കർ ഗവൺമെന്‍റ് ഭൂമി ഏറ്റെടുത്തു കൊണ്ട് ഈ മെഡിക്കൽ കോളേജ് പിന്നീട് കെട്ടിടം നിർമിച്ചു കൊണ്ട് അവിടേക്ക് മാറ്റുവാൻ കഴിയും. പകരമായി കോട്ടത്തറ മടക്കിമല സമീപം സ്വകാര്യ വ്യക്തിയില്‍ നിന്ന് മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത, പരിസ്ഥിതി ദുർബല പ്രദേശമെന്ന നിലയിൽ പിന്നീട് കണ്ടെത്തിയ, 50 ഏക്കർ ഭൂമി വനം വകുപ്പിന് നല്‍കി വനനഷ്ടം ഒഴിവാക്കുവാൻ സാധിക്കും. കൂടാതെ ചുണ്ടയില്‍ ഗവര്‍ണമെന്‍റ് കണ്ടെത്തിയിരിക്കുന്ന ചേലോട് എസ്റ്റേറ്റ് ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുവാനുള്ള നീക്കം ഉപേക്ഷിക്കുവാൻ കഴിയുന്നത് ഗവര്‍ണമെന്‍റിന് വലിയ സാമ്പത്തിക നേട്ടമാണ്. ഈ സ്ഥലത്തുനിന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് 10 കി.മീ ദൂരം മാത്രമാണുള്ളത്.

നമ്മുടെ സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയുടെ 40 ശതമാനുവും വയനാട്ടിലാണ്. അതില്‍ തന്നെ 45 ശതമാനം വരുന്ന പണിയ വിഭാഗത്തിന്‍റെ സ്ഥിതി പരമ ദയനീയമാണ്. കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ സഹായത്തോടെ ആയുഷ്മാന്‍ പദ്ധതിയില്‍ ഉൾപ്പെടുത്തി മാനന്തവാടിയിൽ മെഡിക്കല്‍ കോളേജ് ആരംഭിക്കുകയാണെങ്കിൽ പതിനായിരക്കണക്കിന് സാധാരണക്കാർക്കും, ദുർബല ജനവിഭാഗങ്ങൾക്കും തീർത്തും സൗജന്യമായി മികച്ച ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ലഭ്യമാകും എന്നുള്ളത് ഈ സ്കീമിന്‍റെ സവിശേഷതയാണ്.

ഈ മെഡിക്കൽ കോളേജിന്‍റെ സൗകര്യം വയനാട് ജില്ലക്ക് മാത്രമല്ല കോഴിക്കോട് ജില്ലയിലേയും, കണ്ണൂർ ജില്ലയിലേയും, വയനാട്ടിലേക്ക് ചേർന്നു നിൽക്കുന്ന കുറ്റ്യാടി-തൊട്ടിൽപ്പാല०-നാദാപുരം-വിലങ്ങാട്-കൊട്ടിയൂർ-ആറളം-കൊളക്കാട്–പേരാവൂർ-കോളയാട്-നിടു०പൊയിൽ-കണ്ണവ० എന്നീ അയൽ ജില്ലകളിലെയു० കുട്ട-ശ്രീമ०ഗല-കാനൂർ-ബൈരക്കുപ്പ-മച്ചൂർ-കാരാപ്പുര–ഹൊന്നമ്മനക്കട്ടെ-അന്തർസന്തെ എന്നീ കർണാട കയിലേയു० ജനങ്ങൾക്കു० ഏറെ പ്രയോജനപ്പെടു०. ഇക്കൂടെ നഷ്ടപ്പെട്ടുവെന്നു കരുതപ്പെടുന്ന ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ ഗവേഷണ -ചികിത്സ- പരിചരണ വിഭാഗവു०, റൂസ്സാ കോളേജു० പുനർജീവിപ്പിച്ചു ബോയ്സ് ടൌണ്‍ണിൽ ഏറ്റെടുത്ത 75 ഏക്കർ സ്ഥലത്തു സ്ഥാപിക്കുവാന്‍ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രമുഖ പൊതു പ്രവര്‍ത്തകരെയും ജനനേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് മാനന്തവാടി വ്യാപാര ഭവനില്‍ സെപ്റ്റംബര്‍ 30-ന് വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, കേരള ഗവര്‍ണര്‍ക്കും, കേരള മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്കും, ബഹുമാനപ്പെട്ട വയനാട് എം.പി രാഹുൽഗാന്ധിക്കും, കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരനും നിവേദനം നൽകിക്കഴിഞ്ഞു. യോഗത്തില്‍ കെ.എ.ആന്‍റണി അധ്യക്ഷത വഹിച്ചു. ഇ.എം ശ്രീധരൻ മാസ്റ്റർ,കെ.ഉസ്മാന്‍, സിറിയക്ക് ഫിലിപ്പ്, കെ.എം.ഷിനോജ്, അഡ്വ.ജോര്‍ജ് പി.ജെ, ലോറന്‍സ് കെ.ജെ., ബേബി അത്തിക്കല്‍, കെ.എം. പൗലോസ്‌, ബാബു ഫിലിപ്പ്, അഡ്വ.ജോർജ് വാതുപറമ്പിൽ, തുടങ്ങിയവർ പങ്കെടുത്തു.