എഫ്സിആര്‍എ നിയമഭേദഗതി ബില്ലില്‍ അമിത് ഷായ്ക്ക് നിവേദനം നല്കി സിബിസിഐ. മുഴുവന്‍ ലോക്സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്കി. FCRA ബില്ലില്‍ ആശങ്കയറിയിച്ചാണ് സിബിസിഐ നിവേദനം നല്‍കിയത്. ബിൽ രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.
പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബിൽ ബാധിക്കും. ബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം ഉന്നയിച്ചു. ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കുക. ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക. പരാതികൾ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീൽ അതോറിറ്റി രൂപീകരിക്കുക.
തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ഡൽഹിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ നിലപാട് കടുപ്പിച്ചു. ബിൽ ആർക്കും എതിരല്ലെന്നും വിദേശഫണ്ടുകൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസർക്കാർ വാദം സഭാ നേതൃത്വങ്ങൾ പൂർണമായും തള്ളി.
ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും കൊണ്ടുവന്നേക്കും.
ബിൽ ആർക്കും എതിരല്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് പാർലമെന്റിൽ നടപടികൾ തുടങ്ങിയതെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്നും ന്യായീകരിച്ചത്. നടപടിയെ കേന്ദ്രമന്ത്രി ജോർജ് കുര്യനും ന്യായീകരിച്ചു. എന്നാൽ രണ്ടു വാദങ്ങളും ക്രൈസ്തവ സഭകൾ തള്ളി. സഭാ നേതാക്കളുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും സിബിസിഐ വ്യക്തമാക്കി.







