കൊച്ചി∙ യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് അഭ്യർഥിച്ചു തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചു. സിസിഐ ഹർജി ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ സാധുത സംബന്ധിച്ചു പുതിയ നിയമ പോരാട്ടത്തിനു കളം തെളിഞ്ഞു.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി.ആലപ്പാട്ടാണു ഹർജി സമർപ്പിച്ചത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതു സ്വകാര്യ ബസുകളുടെ മത്സര ക്ഷമത ഇല്ലാതാക്കിയെന്നും കെഎസ്ആർടിസിക്കു മാത്രം നേട്ടം ലഭിക്കാൻ ഇടയാക്കിയെന്നുമാണു ഹർജിയിലെ പരാതി.വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന സാമാന്യ നീതിക്കു വിരുദ്ധമാണു സർക്കാർ പദ്ധതി. ഇതു നടപ്പാക്കിയതോടെ പ്രൈവറ്റ് സ്റ്റേജ് കാരിയേഴ്സിൽനിന്നു വൻതോതിൽ സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയിലേക്കു യാത്ര മാറ്റി. യാത്ര സൗജന്യമാണ് എന്ന ഏക കാരണത്താലാണ് അവർ കെഎസ്ആർടിസിയിലേക്കു മാറിയത്. അതു മൂലം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വലിയ നഷ്ടമാണു സംഭവിച്ചത്. ബസ് സർവീസ് നടത്തുകയെന്നതു സാമ്പത്തികമായി ലാഭകരമല്ലാതായി.
നഷ്ടം മൂലം ഇതിനകം 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി. കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ്. ഓരോ ദിവസവും കൂടുതൽ സ്ത്രീ യാത്രക്കാർ ഒഴിഞ്ഞു പോകുന്നതു സ്വകാര്യ ബസുകളുടെ സാമ്പത്തിക നഷ്ടം വർധിപ്പിക്കുന്നു. സർവീസുകൾ ഇല്ലാതാകുന്നത് ആയിരക്കണക്കിനാളുകളുടെ തൊഴിൽ നഷ്ടത്തിനാണ് ഇടയാക്കുന്നതെന്നും ഹർജിയിൽ പറയുന്നു.








