ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സമയത്ത് പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നെന്ന സംശയം തോന്നിയിരുന്നതായി യാത്രക്കാർ. പൈലറ്റ് ലഹരി ഉപയോഗിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പൈലറ്റിൽനിന്നു ശേഖരിച്ച സാംപിളിന്റെ രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റീവായതോടെയാണ് ലഹരി ഉപയോഗം ഉറപ്പിച്ചത്. അതേസമയം, പൈലറ്റ് കഞ്ചാവാണ് ഉപയോഗിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.ഓഗസ്റ്റ് നാലിനു വിമാനം ആകാശച്ചുഴിയിൽപെട്ട സമയം പൈലറ്റിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നതായി യാത്രക്കാരനായ ശ്രീകാന്ത് ഝായാണ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. പൈലറ്റിന്റെ നടത്തം ശരിയായിരുന്നില്ലെന്നും വിമാനം ആകാശച്ചുഴിയിൽ വീണതിനു ശേഷം പൈലറ്റിന്റെ സംസാരം കേട്ടപ്പോൾതന്നെ അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്നു സംശയിച്ചെന്നും ശ്രീകാന്ത് പറഞ്ഞു. നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിമാനം നിലത്തിറക്കിയിട്ടും യാത്രക്കാർക്കു മതിയായ സഹായം ലഭിച്ചില്ലെന്ന് മറ്റൊരു യാത്രക്കാരിയായ രേണു റാണിവാല പ്രതികരിച്ചു.അതേസമയം, സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചു. ആകാശച്ചുഴിയിൽ വീണ വിമാനത്തിന്റെ മുൻപ് ചെയ്ത അറ്റകുറ്റപണികളുടെ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു എന്ന റിപ്പോർട്ട് പരിഗണിച്ചാണ് ഈ തീരുമാനം. വിമാന കമ്പനികൾക്കും വ്യോമയാന മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ചട്ടങ്ങൾ പാലിക്കണമെന്നും കൂടുതൽ ലഹരി പരിശോധനകൾ പൈലറ്റുമാരിൽ നടത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്നു ന്യൂഡൽഹിയിലേക്ക് പറന്ന വിമാനം ഈ മാസം നാലിനാണ് ഒഡീഷയ്ക്കു സമീപത്തുവച്ച് പൊടുന്നനെ 300 അടി താഴ്ന്ന് 20 യാത്രക്കാർക്കും 4 കാബിൻ ക്രൂ അംഗങ്ങൾക്കും പരുക്കേറ്റത്.
ലഹരി: ആദ്യത്തേതിന് ശിക്ഷയില്ല; കൗൺസലിങ് മാത്രം
∙ മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ബ്രത്തലൈസർ പരിശോധന എല്ലാ യാത്രകളിലുമുണ്ടെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന ക്രൂ അംഗങ്ങളിൽ വല്ലപ്പോഴുമാണ് നടത്താറുള്ളത്. വർഷത്തിൽ കുറഞ്ഞത് 10% ജീവനക്കാരെയെങ്കിലും ലഹരിപരിശോധനയ്ക്കു വിധേയമാക്കിയിരിക്കണമെന്നാണ് ഡിജിസിഎയുടെ നിർദേശം. അതേസമയം, വിമാനം അപകടത്തിൽപെട്ടാൽ ലാൻഡിങ്ങിനു ശേഷം പൈലറ്റുമാരെ പരിശോധിക്കും.
∙ കുറഞ്ഞത് 45 മില്ലിലീറ്റർ മൂത്രസാംപിളാണ് ശേഖരിക്കുക. ‘സാംപിൾ എ’ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയിൽ ഫലം ‘നോൺ നെഗറ്റീവ്’ ആയിരുന്നു. ഒന്നോ അതിലേറെയോ ലഹരിവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന് അർഥം.
∙ ഇതോടെയാണ് ‘സാംപിൾ ബി’ സ്ഥിരീകരണ പരിശോധനയ്ക്കായി അയച്ചത്.
∙ സ്ഥിരീകരണ ടെസ്റ്റും പോസിറ്റീവ് ആ യാൽ ജീവനക്കാരെ സ്പെഷലിസ്റ്റ് ഡോക്ടറുടെയോ കൗൺസലിങ് വിദഗ്ധന്റെയോ അടുത്തേക്ക് അയയ്ക്കും. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രമേ ഡ്യൂട്ടിയിൽ തിരിച്ചെടുക്കൂ. ഈ വ്യക്തി മറ്റൊരു അവസരത്തിൽ കൂടി പോസിറ്റീവ് ആയാൽ 3 വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നാം തവണയും ആവർത്തിച്ചാൽ പൈലറ്റ് ലൈസൻസ് റദ്ദാക്കും.









