ന്യൂഡല്‍ഹി∙ എയർഇന്ത്യ വിമാനം അപകടത്തിൽ പെട്ട സംഭവത്തിൽ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്. സംഭവം എയർഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. തായ്‌ലാൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് 145 യാത്രക്കാരുമായി പുറപ്പെട്ട എയർഇന്ത്യ വിമാനമാണ് 300 അടി താഴ്ചയിലേക്ക് പതിച്ചത്. നാല് ക്രൂ അംഗങ്ങൾ ഉൾപ്പടെ 17 പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ട്. ഒഡിഷയ്ക്ക് സമീപം വിമാനം ആകാശച്ചുഴിയിൽ പെട്ട് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നാലെ പോസ്റ്റ്– ഫ്ലൈറ്റ് സ്ക്രീനിങ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ ടെസ്റ്റിന്റെ ഫലങ്ങൾ എയർ ഇന്ത്യയുമായി പങ്കുവച്ചിട്ടില്ലെന്നു കമ്പനി വക്താവ് അറിയിച്ചു. സിവിൽ ഏവിയേഷന്‍ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അങ്ങനെയാണ് പൈലറ്റിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അന്വേഷണ വിധേയമായി പൈലറ്റിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയെന്നും കമ്പനി അറിയിച്ചു. സൈക്കോ ആക്ടീവ് ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി സ്ഥീരികരിച്ചാൽ പൈലറ്റിനെ പൈലറ്റിനെ ലഹരി വിമുക്തിക്കായി റഫർ ചെയ്യണമെന്ന് ഡിജിസിഎ നിയമങ്ങൾ അനുശാസിക്കുന്നു. ലഹരിമരുന്ന് പരിശോധനാഫലം നെഗറ്റീവാണെങ്കിൽ അവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാം.






