പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ പതിനഞ്ചുകാരിക്ക് എക്സ്-റേ മാറി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ നല്‍കുകയും ചെയ്ത സംഭവത്തില്‍ നടപടി. ഡെസ്പാച്ച് വിഭാഗം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഡെസ്പാച്ച് വിഭാഗം ജീവനക്കാരൻ ഷാഹുല്‍ ഹമീദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്.
ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് പറയുന്നത്. ശ്വാസംമുട്ടലിനും ഗ്യാസ്ട്രബിളിനുമുള്ള മരുന്ന് മാത്രമാണ് പതിനഞ്ചുകാരിക്ക് നല്‍കിയതെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് സൂപ്രണ്ട് പ്രിന്‍സിപ്പലിന് നല്‍കുകയും പ്രിന്‍സിപ്പല്‍ അത് ഡിഎംഇക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിക്ക് 86കാരിയുടെ എക്സ്-റേയുടെ അടിസ്ഥാനത്തില്‍ ചികിത്സ നല്‍കിയെന്നായിരുന്നു പരാതി. ഇക്കഴിഞ്ഞ പതിനാലാം തീയതി കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഡോക്ടര്‍ എക്സ്-റേ എടുക്കണമെന്ന് നിര്‍ദേശിച്ചു. എക്സ്-റേ എടുത്ത് പരിശോധിക്കുകയും ഡോക്ടര്‍ മരുന്ന് നിര്‍ദേശിക്കുകയും ചെയ്തു. മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടല്‍ മാറാതെ വന്നതോടെ പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ എക്സ്-റേ മാറിപ്പോയതായി വ്യക്തമാകുകയായിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം മൂന്ന് ദിവസം മരുന്ന് കഴിച്ചതായി പെണ്‍കുട്ടി പറഞ്ഞിരുന്നു. മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടല്‍ മാറിയില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴാണ് മറ്റൊരു രോഗിയുടെ എക്സ്-റേ ആണ് നല്‍കിയതെന്ന് മനസിലായതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ചികിത്സാ പിഴവ് പരാതിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സൂപ്രണ്ടിനായിരുന്നു നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.








