Headlines

കോന്നി മെഡിക്കല്‍ കോളേജിലെ വിവാദം: കാരണം കാണിക്കല്‍ നോട്ടീസ് കൈപറ്റാതെ ഡോ. ശിവപ്രസാദ്; മന്ത്രിയേയും അധികാരികളേയും കാണിച്ചുതരാമെന്ന് ഭീഷണി

കോന്നി മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗം മേധാവി നോട്ടീസ് പതിച്ച സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റാതെ ഡോക്ടര്‍ ശിവപ്രസാദ്. മന്ത്രിയെയും അധികാരികളെയും കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നിന്ന് ഡോക്ടര്‍ ഇറങ്ങിപ്പോയി. ശിവപ്രസാദിനെതിരെ എന്ത് നടപടി വേണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ തീരുമാനിക്കും. ശിവപ്രസാദിന്റെ വോളണ്ടറി റിട്ടയര്‍മെന്റ് നേരത്തെ നല്‍കാനും ആരോഗ്യവകുപ്പില്‍ ആലോചനയുണ്ട്. (dr. shivaprasad didnt accept show cause notice)കാരണം കാണിക്കല്‍ നോട്ടീസ് ഡോക്ടര്‍ ശിവപ്രസാദ് നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ ഇമെയില്‍ മുഖേന അയച്ചു. ഇതിനും ഡോക്ടര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. തനിക്ക് മെമ്മോ നല്‍കിയാല്‍ സര്‍ക്കാരിനെ താഴെയിറക്കും എന്ന് പറഞ്ഞായിരുന്നു ഡോക്ടര്‍ ശിവപ്രസാദ് മടങ്ങിയത്. മന്ത്രിക്കും മേലധികാരികള്‍ക്കും ബുദ്ധിമുട്ടായിരിക്കും എന്നും ഭീഷണി സ്വരത്തില്‍ ഡോക്ടര്‍ പറഞ്ഞു. സര്‍വീസ് ചട്ടലംഘനം നടത്തിയ ഡോക്ടര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് ഡിഎംഇ ഉടന്‍ തീരുമാനിക്കും. ഇമെയില്‍ വഴിയുള്ള നോട്ടീസിന് ശിവപ്രസാദ് മറുപടി നല്‍കുമോ എന്നും ആരോഗ്യവകുപ്പ് നോക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍.മൂന്നുവര്‍ഷം സര്‍വീസ് കാലാവധി ബാക്കി നില്‍ക്കേ വോളണ്ടറി റിട്ടയര്‍മെന്റിന് ശിവപ്രസാദ് അപേക്ഷ നല്‍കിയിരുന്നു. മെയ് 31നകം തീരുമാനമെടുക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. ഇത് നേരത്തെ ആക്കാനുള്ള ആലോചനയും ആരോഗ്യവകുപ്പിലുണ്ട്. ഡോക്ടര്‍ ശിവപ്രസാദ് ചൂണ്ടിക്കാണിച്ചത് പോലെയുള്ള പരിമിതികള്‍ ഇല്ലെന്ന് സൂപ്രണ്ടും മന്ത്രിയും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.