Headlines

‘കുലംകുത്തികളെ കാലം വർഗ്ഗവഞ്ചകനെന്ന് വിളിക്കും’; ജി സുധാകരനെതിരെ ആലപ്പുഴയിൽ പ്രതിഷേധം കടുപ്പിച്ച് സിപിഐഎം

ആലപ്പുഴയിൽ പ്രതിഷേധം കടുപ്പിച്ച് സിപിഐഎം. വീടിന് മുന്നിലും നഗരങ്ങളിലും സുധാകരനെതിരെ ബാനറുകൾ ഉയർന്നു. കടന്നാക്രമിക്കാതെ കരുതലോടെയാണ് സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങൾ. ‘കുലംകുത്തികളെ കാലം വർഗ്ഗവഞ്ചകനെന്ന് വിളിക്കും’… ജി സുധാകരന് കണികാണാനാകും വിധമാണ് സിപിഐഎം അനുകൂലികൾ വീടിന് മുന്നിൽ ബാനർ സ്ഥാപിച്ചത്. നാട് നീളെ പോസ്റ്ററുകളും പതിച്ചു. നാളെ പുന്നപ്രയിൽ ബഹുജന റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും.

സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് ഇരുപതോളം സിപിഐഎം പ്രവർത്തകർ രഹസ്യയോഗം ചേർന്നു. ഏരിയ കമ്മറ്റി അംഗങ്ങൾ അടക്കം പാർട്ടിയിലെ സുധാകരൻ അനുകൂലികളാണ് പങ്കെടുത്തത്. സുധാകരനൊപ്പം ഒരാൾ പോലും പോകാതിരിക്കാൻ പാർട്ടി കഠിന ശ്രമങ്ങൾ നടത്തുമ്പോഴാണ് രഹസ്യയോഗം. അതേസമയം, ജി സുധാകരനെ കടന്നാക്രമിക്കാതെയായിരുന്നു സിപിഐഎം നേതാക്കൾ പ്രതികരിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പറവൂരിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ജി സുധാകരനെതിരെ സൈബർ അധിക്ഷേപം രൂക്ഷമാണ്. രക്തസാക്ഷിയായ സഹോദരൻ ജി ഭുവനേശ്വരന്റെ ചരിത്രം സീറ്റിന് വേണ്ടി വികലമാക്കിയെന്നാണ് ഇടത് സൈബർ പ്രചരണം.