Headlines

ബജ്‌റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് മുസ്ലീം വൃദ്ധനെ രക്ഷിച്ച ഹിന്ദു യുവാവ് ദീപക്കിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി; ഒരു വർഷത്തെ ജിം മെംബർഷിപ്പും എടുത്തു

ബജ്‌റംഗ്ദളിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം വയോധികനെ സംരക്ഷിച്ച ഹിന്ദു യുവാവ് ദീപക് കുമാറിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. ദീപക്കിൻ്റെ ജിം ബ്രിട്ടാസ് സന്ദർശിച്ചു. ഒരു വർഷത്തെ ജിം വാർഷിക മെംബർഷിപ്പ് ബ്രിട്ടാസ് എടുത്തു. ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ വക്കീൽ അഹമ്മദിൻ്റെ തയ്യൽക്കടയും ബ്രിട്ടാസ് സന്ദർശിച്ചു.ഉത്തരാഖണ്ഡിലെ മതസൗഹാർദ്ദത്തിന്റെ കാവലാളാണെന്നും രാജ്യത്തിന് ആകെ മാതൃകയാണ് അദ്ദേഹത്തൻ്റെ പ്രവർത്തനങ്ങളെന്നും ഡോ ജോൺബ്രിട്ടാസ് എംപി പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് അദ്ദേഹം ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദീപക് ഒരു സുഹൃത്തിന്റെ കടയിലെത്തിയപ്പോള്‍ 70 വയസുകാരനായ മുസ്ലീം കടയുടമ വക്കീല്‍ അഹമ്മദിനെ ഒരു ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തുന്നത് കണ്ടു. ‘ബാബ സ്‌കൂള്‍ ഡ്രസ്’ എന്ന കടയുടെ പേരില്‍ നിന്ന് ‘ബാബ’ എന്ന വാക്ക് ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ‘ബാബ’ എന്നത് ഹിന്ദു മതപുരുഷന്മാര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇതിനെ ദീപക് ചോദ്യം ചെയ്യുന്നതും, മറ്റുള്ളവര്‍ക്ക് ‘ബാബ’ എന്ന് ഉപയോഗിക്കാമെങ്കില്‍ അഹമ്മദിന് എന്തുകൊണ്ട് പാടില്ലെന്ന് ചോദിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. ‘ഈ കടയ്ക്ക് 30 വര്‍ഷം പഴക്കമുണ്ട്; നിങ്ങള്‍ പേര് മാറ്റാന്‍ ആവശ്യപ്പെടുമോ?’ അദ്ദേഹം അവരോടായി ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കൂട്ടത്തിലൊരാള്‍ ദീപക്കിന്റെ പേര് ചോദിച്ച് ഐഡന്റിറ്റി തേടിയപ്പോള്‍, ”എന്റെ പേര് മുഹമ്മദ് ദീപക്!” എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.