🔳ഹിന്ദുത്വയെ ഐഎസ് തീവ്രവാദത്തോട് ഉപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്‍ ജാഗ്രന്‍ അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
🔳രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഹിന്ദു വിരുദ്ധരാണെന്ന് ബി.ജെ.പി. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിലെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് ബി.ജെ.പി കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തെയും അതിന്റെ സംസ്‌കാരത്തെയും നിരന്തരം അപമാനിച്ച് സംസാരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു. ഗാന്ധി കുടുംബം അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ ഒത്താശയോടെ ശശി തരൂര്‍, പി. ചിദംബരം, ദിഗ്വിജയ് സിങ് എന്നിവരെല്ലാം ഹിന്ദു സംസ്‌കാരത്തെ ഇകഴ്ത്തി സംസാരിക്കുകയാണെന്നും ഹിന്ദു താലിബാന്‍, ഹിന്ദു പാകിസ്താന്‍, കാവി ഭീകരത എന്നീ വാക്കുകള്‍ ഇവരുടെ സംഭാവനയാണെന്നും സംബിത് പത്ര ആരോപിച്ചു.
🔳അയോധ്യ പുസ്തക വിവാദത്തില്‍ വിശദീകരണവുമായി സല്‍മാന്‍ ഖുര്‍ഷിദ്. തന്റെ പുസ്തകം ഹിന്ദു മുസ്ലീം ഐക്യത്തിനായുള്ളതാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ്. സുപ്രീം കോടതി വിധി നല്ലതല്ലെന്ന് ആളുകള്‍ക്ക് മനസിലാക്കി നല്‍കുന്നതാണ് പുസ്തകമെന്നും രാഷ്ട്രീയവല്‍ക്കരിക്കുന്നവര്‍ അത് ചെയ്തുകൊണ്ടേ ഇരിക്കുമെന്നും പുസ്തകം എഴുതുന്നവര്‍ എഴുതിക്കൊണ്ടേയിരിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
🔳രാജ്യസുരക്ഷ കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിനും സംയുക്ത സൈനിക മേധാവിക്കും വ്യത്യസ്ത അഭിപ്രായം എന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘കേന്ദ്രസര്‍ക്കാറിന്റെ നയരാഹിത്യവും, മിസ്റ്റര്‍ 56 ഇഞ്ചിന്റെ പേടിയും കാരണം നമ്മുടെ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ചകള്‍ ഉണ്ടാകുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അസത്യം പറയുമ്പോള്‍ അതിര്‍ത്തി കാക്കുന്ന സൈനികരെ സംബന്ധിച്ചാണ് തന്റെ ചിന്തയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
🔳സിഎജി വീണ്ടും ശക്തമായ വിമര്‍ശനം ഉന്നയിച്ചതോടെ കിഫ്ബിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കേരളത്തില്‍ വീണ്ടും ശക്തമാവുന്നു . പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത് സിഎജി വീണ്ടും ശരിവെച്ചെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാല്‍ രാജ്യത്തൊരിടത്തും സ്വീകരിക്കാത്ത സമീപനമാണ് സിഎജി സ്വീകരിക്കുന്നതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചു. നിയമസഭ തള്ളിയ കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം വീണ്ടും ആവര്‍ത്തിക്കുന്നത് അസാധാരണമാണെന്ന് പറഞ്ഞ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇനി പ്രമേയം കൊണ്ടുവന്ന് അതേ പ്രസ്താവന തള്ളേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനമായി ഉയര്‍ത്തിക്കാണിക്കുന്ന കിഫ്ബിയെ വീണ്ടും വിമര്‍ശിച്ചുള്ള സിഎജി റിപ്പോര്‍ട്ട് സര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. കിഫ്ബി എടുക്കുന്ന വായ്പകള്‍ ബജറ്റിന് പുറത്തുളള കടമാണെന്നും ഇത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നുമാണ് സിഎജി ആവര്‍ത്തിക്കുന്നത്.
🔳മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഈ ഹോട്ടലിലെ ഡി ജെ പാര്‍ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആന്‍സി കബീറുള്‍പ്പെടെയുളളവര്‍ അപകടത്തില്‍പ്പെട്ടത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നീക്കം ചെയ്തതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
🔳ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം. ഷാജഹാന്‍, അരുണ്‍ എന്നിവര്‍ക്കാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, രണ്ടാം പ്രതി ജോസഫിന്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജോസഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു. ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
🔳കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പണിമുടക്ക്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
🔳സംസ്ഥാനത്തെ കോളേജുകളില്‍ അധ്യാപകര്‍ ഏത് വസ്ത്രം ധരിക്കണമെന്ന നിബന്ധനയില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ചില കോളജുകള്‍ അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കിയത് ചര്‍ച്ചാവിഷയമായതിനെ തുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്. കാലത്തിന് യോജിക്കാത്ത പിടിവാശികള്‍ മാനേജ്മെന്റും സ്ഥാപനമേധാവികളും അടിച്ചേല്‍പ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
🔳കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. നവംബര്‍ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എന്‍ വാസുവിന് പകരമാണ് അനന്തഗോപന്റെ നിയമനം. പത്തനംതിട്ട സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയാണ് കെ അനന്തഗോപന്‍. നിലവില്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും. രണ്ട് വര്‍ഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാലാവധി.
🔳തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പ്രതാപന്‍ കേരളത്തില്‍ ഗാന്ധിയനും കേരളംവിട്ടാല്‍ ഗാന്ധി വിരുദ്ധനുമാണെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു. അദ്ദേഹം വിദേശത്തു പോയി വെള്ളമടിച്ച് കാലുറയ്ക്കാതെ നില്‍ക്കുന്നത് തൃശ്ശൂര്‍ എം.പി എന്ന നിലയില്‍ തൃശ്ശൂരുകാര്‍ക്ക് മുഴുവന്‍ അപമാനമാണെന്നും ഗോപാലകൃഷ്ണന്‍.
🔳ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടതിന് എതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ച് ആണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയത്. കൊലപാതകം തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കേസില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ കോടതി തള്ളിയത്.
🔳വാടക കുടിശിക ചോദിച്ചതിന് വീട്ടുടമയുടെ മരുമകനെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്ഐക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയുടെ ഓഫീസിലെ എസ്ഐ സുഗുണവല്ലിക്കെതിരെയാണ് നടപടി. എസ്ഐ നാല് മാസത്തെ വാടക തരാത്തതിന് പന്നിയങ്കര സ്വദേശിയായ വീട്ടുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് വീട്ടുടമയുടെ മരുമകന്‍ തന്റെ കൈക്ക് കയറി പിടിച്ചെന്നും , വിവാഹ മോതിരം ഊരിയെടുത്തെന്നും എസ്ഐ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്ള്ളതുകൊണ്ടുള്ള സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
🔳രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ ഉത്തരവ് ഇറക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്. ഇവ സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് അയച്ച കത്തില്‍ അറിയിച്ചു.
🔳മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ രംഗത്ത്. സുപ്രീം കോടതി കൊളീജിയത്തിന്റെ സെപ്തംബര്‍ 16-ലെ ശുപാര്‍ശ പ്രകാരമായിരുന്നു നടപടി. പെട്ടെന്നുള്ള തീരുമാനത്തില്‍ വേദന പ്രകടിപ്പിച്ച് 230-ലധികം അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്കും കൊളീജിയത്തിലെ മറ്റ് നാല് അംഗങ്ങള്‍ക്കും കത്തെഴുതി.
🔳ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വെക്കാനോ വീഡിയോ പ്ലേ ചെയ്യാനോ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ഇത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി പരിഗണിച്ചാണ് കോടതി ഇടപെടല്‍.
🔳നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി ഗുജറാത്തിലെ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. നഗരത്തിലെ വഴിയോര കടകളും, ഭക്ഷണ ശാലകളും ഇത്തരത്തില്‍ മത്സ്യവും മാംസവും പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കരുത് എന്നാണ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. മതവികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നാണ് പട്ടേല്‍ പറയുന്നത്. മത്സ്യം, മാംസം, മുട്ട എന്നിവ ഉള്‍പ്പടെ എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും തട്ടുകടകളും 15 ദിവസത്തിനുള്ളില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് പട്ടേല്‍ പറഞ്ഞു. ഇതിനായി നഗരസഭ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
🔳അന്താരാഷ്ട്ര അതിര്‍ത്തികളില്‍ അതിര്‍ത്തി രക്ഷാസേനയുടെ അധികാരപരിധി വിപുലീകരണത്തിനെതിരെ പഞ്ചാബിന് പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന് കള്ളക്കടത്തുകാരുമായും ക്രിമിനലുകളുമായും ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനം ഇപ്പോള്‍ തീവ്രവാദികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ബിജെപി വിമര്‍ശനമുന്നയിച്ചു.
🔳നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
🔳ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാല്‍ ശമ്പളമുണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാണെങ്കില്‍ കുറഞ്ഞ ശമ്പള പരിധി 10,000 റിയാലാണ്.
🔳ചൈനീസ് കമ്പനികളായ വാവേ ടെക്‌നോളജീസ്, സെഡ്.ടി.ഇ. കോര്‍പ് എന്നിവയ്‌ക്കെതിരെ നിയമം പാസാക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാഭീഷണി സംശയിക്കുന്ന ഇരു കമ്പനികള്‍ക്കും യു.എസ് അധികൃതരില്‍നിന്ന് പുതിയ ഉപകരണ ലൈസന്‍സ് നല്‍കുന്നത് വിലക്കുന്നതാണ് പുതിയ നിയമം. ചൈനീസ് ടെലികോം കമ്പനികളെയും സാങ്കേതികവിദ്യാ കമ്പനികളെയും ലക്ഷ്യമിട്ടാണ് ഈ പുതിയ ‘സെക്യുര്‍ എക്വിപ്‌മെന്റ് ആക്റ്റ്’ അവതരിപ്പിച്ചിരിക്കുന്നത്.
🔳ഇന്ത്യന്‍ ഏകദിന ടീമിന്റെ നായക സ്ഥാനവും വിരാട് കോലി വൈകാതെ ഒഴിയുമെന്ന് സൂചിപ്പിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ ഒന്നാം നമ്പര്‍ ടീമാണെന്നും എന്നാല്‍ ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി സമീപഭാവിയില്‍ തന്നെ കോലി ഏകദിന ടീമിന്റെ നായക സ്ഥാനവും ഒഴിഞ്ഞേക്കാമെന്നും രവി ശാസ്ത്രി പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും അത് അദ്ദേഹത്തിന്റെ ശരീരഭാഷയിലുണ്ടെന്നും അതുകൊണ്ടുതന്നെ അത്തരമൊരു തീരുമാനം വരുമെന്നുറപ്പാണെന്നും രവി ശാസ്ത്രി പറഞ്ഞു.
🔳ഇംഗ്ലണ്ടിനെ സെമി ഫൈനലില്‍ വീഴ്ത്തി ഫൈനല്‍ ഉറപ്പാക്കിയതിന് പിന്നാലെ ന്യൂസീലന്‍ഡിന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവോണ്‍ കോണ്‍വേ ഫൈനലിനുണ്ടാകില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് കോണ്‍വേയ്ക്ക് തിരിച്ചടിയായത്. മത്സരത്തില്‍ ഔട്ടായപ്പോള്‍ കോണ്‍വേ നിരാശ പ്രകടിപ്പിച്ചത് ബാറ്റില്‍ ഇടിച്ചായിരുന്നു. ആ ഇടിയില്‍ ചെറുവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. എക്‌സ്‌റേയില്‍ വിരലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയതായി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
🔳ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. അഗ്യൂറോയ്ക്ക് ഗുരുതരമായ ഹൃദ്രോഗമാണെന്നും കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കുമെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് കാറ്റലോണിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അലാവാസിനെതിരായ മത്സരത്തിനിടെയാണ് നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് സെര്‍ജിയോ അഗ്യൂറോയെ ആശുപത്രിയിലെത്തിച്ചത്.
🔳കേരളത്തില്‍ ഇന്നലെ 65,147 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 412 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,511 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7022 പേര്‍ രോഗമുക്തി നേടി. ഇതോടെ 68,805 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്‍ഗോഡ് 178, മലപ്പുറം 178.
🔳ആഗോളതലത്തില്‍ ഇന്നലെ 4,56,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 55,905 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,375 പേര്‍ക്കും റഷ്യയില്‍ 40,123 പേര്‍ക്കും തുര്‍ക്കിയില്‍ 23,637 പേര്‍ക്കും ജര്‍മനിയില്‍ 48,184 പേര്‍ക്കും ഉക്രെയിനില്‍ 24,058 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.31 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.90 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,088 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 654 പേരും റഷ്യയില്‍ 1,235 പേരും ഉക്രെയിനില്‍ 750 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.02 ലക്ഷമായി.
🔳രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്കില്‍ വര്‍ധന. ഒക്ടോബര്‍ മാസത്തില്‍ 4.48 ശതമാനമാണ് പണപ്പെരുപ്പം. കഴിഞ്ഞ മാസം ഇത് 4.35 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 0.68 ശതമാനത്തില്‍ നിന്ന് 0.85 ആയി ഉയര്‍ന്നു. കഴിഞ്ഞ മാസം ആര്‍.ബി.ഐ പുറത്ത് വിട്ട പണനയത്തില്‍ ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 5.7 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി കുറയുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമിടയില്‍ പ്രതിമാസ പണപ്പെരുപ്പ നിരക്ക് നില്‍ക്കുമെന്നായിരുന്നു ആര്‍.ബി.ഐ പ്രവചനം. അതേസമയം, സെപ്തംബറിലെ വ്യാവസായി ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 3.1 ശതമാനം വര്‍ധനയാണ് ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായത്. ആഗസ്റ്റില്‍ 11.9 ശതമാനമായിരുന്നു വ്യവസായിക ഉല്‍പാദനം.
🔳സ്ത്രീകളുടെ പ്രീമിയം വസ്ത്ര ബ്രാന്‍ഡായ അമാന്റേയെ ഏറ്റെടുത്ത് റിലയന്‍സ് റീട്ടെയില്‍സ്. ശ്രീലങ്ക ആസ്ഥാനമായ എംഎഎസ് ഹോള്‍ഡിംഗ്സില്‍ നിന്നാണ് അമാന്റേയുടെ 100 ശതമാനം ഓഹരികളും റിലയന്‍സ് വാങ്ങിയത്. എന്നാല്‍ എത്ര രൂപയുടെ ഇടപാടാണ് നടന്നതെന്ന് ഇരുസ്ഥാപനങ്ങളും വെളിപ്പെടുത്തിയിട്ടില്ല. 2007ല്‍ എംഎഎസ് ആരംഭിച്ച അമാന്റേയ്ക്ക് കീഴില്‍ അള്‍ട്ടിമോ, എവരിഡെ ബൈ അമാന്റേ എന്നീ ബ്രാന്‍ഡുകള്‍ കൂടിയുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും ഔട്ട്ലെറ്റുകള്‍ ഉള്ള അമാന്റേയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ഉണ്ട്. ഡിസൈന്‍ മുതല്‍ ഡെലിവറിവരെയുള്ള കാര്യങ്ങളില്‍ റിലയന്‍സുമായി എംഎഎസ് ഹോള്‍ഡിംഗ്സ് സഹകരിക്കും.
🔳പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹാന്‍’. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിക്രമിന്റെ മകന്‍ ധ്രുവും കേന്ദ്ര കഥാപാത്രമാണ്. ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണിത്. ചിത്രത്തില്‍ സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
🔳അഷറഫ് ഹംസയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ഭീമന്റെ വഴിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദത്തോടെ ഈ വഴി എന്നു പറയുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളമാണ് എന്നു പറഞ്ഞാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. വഴി അടിസ്ഥാന പ്രശ്‌നമായിട്ടുള്ള കുറച്ചാളുകളെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, ചിന്നു ചാന്ദ്‌നി, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് ട്രെയ്‌ലറിലുള്ളത്. നടന്‍ ചെമ്പന്‍ വിനേദ് ജോസ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
🔳അടുത്തിടെ പുറത്തിറക്കിയ ടാറ്റയുടെ ഏറ്റവും പുതിയ കോംപാക്റ്റ് മൈക്രോ എസ്യുവിയായ പഞ്ച് ശക്തമായ ഡിമാന്‍ഡിന് സാക്ഷ്യം വഹിച്ച് മികച്ച തുടക്കമാണ് നല്‍കുന്നത്. 5.49 ലക്ഷം രൂപ പ്രാരംഭവിലയിലാണ് വാഹനം എത്തുന്നത്. വില അനുസരിച്ച്, ആദ്യമായി ഒരു കാര്‍ സ്വന്തമാക്കുന്നവരും ഇടത്തരക്കാരുമൊക്കെ വണ്ടി തേടിയെത്തുന്ന ഈ സെഗ്മെന്റിലെ ഒരു നിര്‍ണ്ണായക ഘടകമാണ് വാഹനത്തിന് ലഭിക്കുന്ന മൈലേജ് അഥവാ ഇന്ധനക്ഷമത. 86 എച്ച്പി 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന്റെ ഹൃദയം.
🔳അരശതാബ്ദത്തിലധികമായി ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രശസ്തനായ ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍. ‘പെണ്‍ ജന്മപുണ്യങ്ങള്‍’. ഡോ. എം.വി. പിള്ള. മാതൃഭൂമി ബുക്സ്. വില 104 രൂപ.
🔳കൊവിഡ് ഭേദമായ പ്രമേഹരോഗികളില്‍ക്ഷീണവും മറ്റ് സങ്കീര്‍ണതകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. കൊവിഡ് 19 ബാധിച്ച പ്രമേഹരോഗികള്‍ക്ക് അല്ലാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഉയര്‍ന്ന ക്ഷീണമുള്ളവര്‍ക്ക് അണുബാധയുടെ സമയത്ത് ഉയര്‍ന്ന കോശജ്വലനം ഉണ്ടാകാനും അതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. പ്രമേഹം കൊവിഡ് 19 ന്റെ ഗതിയെ കൂടുതല്‍ വഷളാക്കുകയും രോഗാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നു. പ്രമേഹ രോഗികള്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും പതിവായി പരിശോധനകള്‍ക്ക് പോകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ‘ ഡയബറ്റിസ് ആന്റ് മെറ്റബോളിക്’ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. പ്രമേഹരോഗികള്‍ പോഷകാഹാരത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പ്രോട്ടീനും വിറ്റാമിന്‍ സപ്ലിമെന്റുകളും ആവശ്യാനുസരണം ഉപയോഗിക്കുക വേണം. കൊവിഡ് ഭേദമായ ശേഷം ക്യത്യമായി വ്യായാമം ചെയ്യുക. ഇത് ഹൃദയ, ശ്വാസകോശാരോഗ്യത്തിനും രോഗിയുടെ മാനസികരോഗ്യത്തിനും ഗുണം ചെയ്യും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രമിക്കുക. ദിവസവും കുറച്ച് സമയം വെയില്‍ കൊള്ളാന്‍ ശ്രമിക്കുക. കരിക്കിന്‍ വെള്ളം, നാരങ്ങ വെള്ളം, ചൂട് സൂപ്പുകള്‍ തുടങ്ങിയവ കുടിക്കുക. കൊവിഡ് ഭേദമായവര്‍ വ്യായാമത്തിവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഭക്ഷണത്തില്‍ പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ധാരാളം ദ്രാവകങ്ങള്‍, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും ഡോ.അനൂപ് മിശ്ര പറഞ്ഞു.
15-ാം നൂറ്റാണ്ടില്‍ ജപ്പാനില്‍ അഷിയാഗ യോഷിമാസ എന്നൊരു ഷോഗന്‍ ഉണ്ടായിരുന്നു. ചക്രവര്‍ത്തി നിയമിക്കുന്ന പടത്തലവനാണ് ഷോഗന്‍. വലിയ അധികാരങ്ങളുള്ള ആള്‍. ഒരിക്കല്‍ അഷിയാഗയുടെ കയ്യില്‍നിന്നും മനോഹരമായ ഒരു ചായപാത്രം വീണുപൊട്ടി. ആ പാത്രം അങ്ങനെ ഉപേക്ഷിക്കാന്‍ അഷിയാഗയ്ക്ക് മനസ്സ് വന്നില്ല. പാത്രം ചേര്‍ത്തൊട്ടിച്ച് മനോഹരമാക്കാന്‍ അദ്ദേഹം അത് ചൈനയിലേക്ക് അയച്ചു. പക്ഷേ, തിരിച്ചുവന്ന പാത്രം ഒട്ടും മനോഹരമായിരുന്നില്ല. ഒട്ടും വൃത്തിയില്ലാതെ ലോഹകഷ്ണങ്ങളെല്ലാം പുറത്തേക്ക് തുറിച്ചുനില്‍ക്കുന്നു. അദ്ദേഹം തന്റെ നാട്ടില്‍ തന്നെ ഇത് ശരിയാക്കാനുള്ള ആളുകളുണ്ടോ എന്ന് വിളംബരം നടത്തി,. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരാള്‍ തയ്യാറായി വന്നു. വൈകാതെ അയാള്‍ പാത്രം ശരിയാക്കികൊണ്ടുവന്നു. പാത്രം കണ്ട് യോഷിമാസ അത്ഭുതപ്പെട്ടുപോയി. പൊട്ടിയ മുറിപ്പാടിനെല്ലാം സ്വര്‍ണ്ണനിറം! ഇപ്പോള്‍ കണ്ടാല്‍ പാത്രം സ്വര്‍ണ്ണനൂല്കൊണ്ട് അലങ്കരിച്ചതു പോലെ തോന്നും. പൊട്ടുന്നത് മുന്‍പുള്ളതിനേക്കാള്‍ ഗംഭീരമായി ആ പാത്ര ഇപ്പോള്‍. ജപ്പാനില്‍ അതൊരു തുടക്കമായി. പൊട്ടിയ പാത്രങ്ങള്‍ സ്വര്‍ണ്ണം ചേര്‍ത്ത പ്രത്യേക കൂട്ടുവിദ്യകൊണ്ട് ഒട്ടിക്കുന്നു ‘ കിന്‍സുഗി’ എന്ന വിദ്യയുടെ പിറവിയായിരുന്നു അത്. ഈ കിന്‍സുഗി നമുക്ക് തരുന്ന ഒരു പാഠമുണ്ട്. ജീവിതത്തിലെ ഏത് തിരിച്ചടിയും പാത്രം പൊട്ടുന്നതു പോലെയാണ്. ആ സമയത്തിന് നിരാശപ്പെടുന്നതിന് പകരം അതു കൂടുതല്‍ തിളക്കത്തോടെ ഭംഗിയായി ചേര്‍ത്തൊട്ടിക്കുകയാണ് വേണ്ടത്. ഉയര്‍ച്ചകളും താഴ്ചകളും ഇരുളും വെളിച്ചവുമെല്ലാം മാറിമാറി ജീവിത്തില്‍ വരിക തന്നെ ചെയ്യും. അതുകൊണ്ട് ഓരോ പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നേറാന്‍ നാം ശ്രമിക്കുക തന്നെ വേണം