പ്രഭാത വാർത്തകൾ

 

🔳കെ റയില്‍ പദ്ധതിക്കു മൂന്നു ജില്ലകളില്‍കൂടി സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനം. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് സാമൂഹികാഘാത പഠനം. കണ്ണൂര്‍ ജില്ലയിലേതിന് നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും എറണാകുളം ജില്ലയില്‍ ആലുവ, കണയന്നൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലുമാണ് സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനം.

🔳കെ റെയിലിനെതിരേ സമരപരിപാടികള്‍ തീരുമാനിക്കാന്‍ യുഡഎഫ് യോഗം ഇന്ന്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഇന്നു 11 ന് കക്ഷിനേതാക്കളുടെ യോഗമാണ് നടക്കുക. സില്‍വര്‍ ലൈനിനെതിരേ കടുത്ത സമരത്തിനിറങ്ങാനാണ് ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം.

🔳സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. നിയമനകാര്യം പിന്നീടു തീരുമാനിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയുടെ ശിപാര്‍ശയനുസരിച്ചാണ് നടപടി. ഒരു വര്‍ഷവും അഞ്ചു മാസവും സസ്പെന്‍ഷനിലായിരുന്നു. അടുത്ത ജനുവരിവരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.

🔳കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്തു കൂടുതല്‍ നിയന്ത്രണങ്ങള്‍. കല്ല്യാണം, മരണാനന്തരചടങ്ങുകള്‍, സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് അടച്ചിട്ട സ്ഥലങ്ങളില്‍ 75 പേരും തുറസ്സായ സ്ഥലങ്ങളില്‍ 150 പേരും മാത്രമേ പങ്കെടുക്കാവൂ. രാത്രികാല കര്‍ഫ്യൂ തുടരേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു.

🔳മകരവിളക്കിനു മൂന്നുദിവസം മുന്‍പ് എത്തുന്നവരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കും. 12 മണിക്കൂറില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാട് സര്‍ക്കാര്‍ തള്ളി. മൂന്നു വര്‍ഷത്തിനു ശേഷം പമ്പ ഹില്‍ ടോപ്പില്‍ മകരവിളക്ക് ദര്‍ശനത്തിനും അനുമതി നല്‍കി.

🔳കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ കരസേന ദേശീയപതാക ഉയര്‍ത്തി. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ചിത്രങ്ങള്‍ ട്വിറ്റു ചെയ്തു. ഗാല്‍വനില്‍ ചൈന പതാക ഉയര്‍ത്തിയെന്ന് അവകാശപ്പെട്ട് ഫോട്ടോ ട്വീറ്റ് ചെയ്തതിനു പിറകേയാണ് ഇന്ത്യന്‍ സേന പതാക ഉയര്‍ത്തിയത്. ചൈനയുടെ ചിത്രങ്ങള്‍ ഗാല്‍വന്‍ താഴ്വരയിലേതല്ലെന്നും ആരോപണമുണ്ട്.

🔳കൊച്ചി മെട്രോയില്‍ സന്നദ്ധ സേനാംഗങ്ങള്‍ക്ക് അമ്പതു ശതമാനം ഇളവ് പ്രഖ്യാപിച്ച് ലോക്നാഥ് ബെഹ്റ. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്കാണ് ഇളവ്. ഈ മാസം 15 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

🔳പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍ സുനീഷാണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ ബാലനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

🔳ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ വരുംദിവസങ്ങളില്‍ പ്രതിഷേധങ്ങളോ കൊലപാതകങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.

🔳ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രണ്‍ജിത്തിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. ‘മതഭീകരതെക്കിരേ’ എന്ന മുദ്രാവാക്യവുമായാണു സമരം. പ്രതിഷേധവും അക്രമങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

🔳കെ റയില്‍, സില്‍വര്‍ ലൈന്‍ എന്നീ പേരിലറിയപ്പെടുന്ന പദ്ധതിയുടെ കമ്മീഷനിലാണ് മുഖ്യമന്ത്രി പിണറായിയുടെ കണ്ണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കെ റെയിലിന്റെ സര്‍വേ കുറ്റികള്‍ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.

🔳കണ്ണൂര്‍ മടായിപ്പാറയില്‍ കെ റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞ നിലയില്‍. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

🔳ട്രെയിനില്‍ പൊലീസുകാരന്‍ നെഞ്ചില്‍ ചവിട്ടി മര്‍ദ്ദിച്ചയാള്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി. പൊന്നന്‍ എന്ന് വിളിക്കുന്ന ഷമീര്‍ സ്ത്രീപീഡനക്കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഒളിവിലാണെന്നും കൂത്തുപറമ്പ് സ്റ്റേഷനില്‍ മൂന്നു കേസുണ്ടെന്നും പൊലീസ്.

🔳വിദ്യാഭ്യാസ നയരൂപീകരണ സമിതി യോഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. രണ്ട് പ്രതിപക്ഷ സംഘടനകളും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ക്യുഐപി അംഗങ്ങള്‍ അല്ലാത്ത സംഘടനകളുമായി ഇന്നു യോഗം നടത്തുന്നതിലും പരീക്ഷ തീയതികള്‍ തീരുമാനിക്കും മുന്‍പ് സമിതി യോഗം വിളിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

🔳പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ‘കിംഗി’നോടു കാര്യങ്ങള്‍ തിരക്കട്ടെയെന്നു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയെ രാജാവെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സതീശന്റെ ആരോപണങ്ങള്‍ക്ക് ‘മറുപടി അര്‍ഹിക്കുന്നില്ല’ എന്നു പച്ചമലയാളത്തില്‍ പറയുകയുംചെയ്തു. പ്രതിപക്ഷനേതാവ് എല്ലാം മുഖ്യമന്ത്രിയോടു ചോദിക്കട്ടെ, വി.ഡി സര്‍ക്കാരിന്റെ അടുത്ത ആളല്ലേ എന്നും പറഞ്ഞു. ഗവര്‍ണര്‍ക്ക് രാജാവിനേക്കാള്‍ രാജഭക്തിയാണെന്നും ബിജെപി എഴുതിക്കൊടുക്കുന്നതു വായിക്കുന്ന നിലയിലേക്കു തരംതാഴ്ന്നെന്നും വി.ഡി. സതീശന്‍ തിരിച്ചടിച്ചു.

🔳ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിത്യച്ചെലവിനായി കടമെടുക്കുന്നു. കോവിഡ്മൂലം വരുമാനം കുറഞ്ഞതാണു കാരണം. സംസ്ഥാന സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടു കോടി രൂപ അനുവദിച്ചു. നിത്യചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനും പണമില്ലാത്തതിനാല്‍ പത്തു കോടി രൂപയാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ആവശ്യപ്പെട്ടത്.

🔳കോഴിക്കോട് വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് തുടങ്ങാനുളള ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ സിഐടിയു പ്രതിഷേധം. സംയുക്ത തൊഴിലാളി യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും ഫുഡ് സ്ട്രീറ്റിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

🔳ബൈക്ക് നിര്‍ത്താതെപോയതിന് ലാത്തിയെറിഞ്ഞു വീഴ്ത്തി മര്‍ദിച്ചെന്ന് പോലീസിനെതിരേ മുഖ്യമന്ത്രിക്കു യുവാവിന്റെ പരാതി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകാശ് ബാബുവിന്റെ മകന്‍ അമല്‍ബാബുവാണ് പുന്നപ്ര പൊലീസിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ 31 നു രാത്രി ഒമ്പതരയോടെ സഹോദരിയുമൊത്തു പോകുമ്പോള്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. സഹോദരിയെ ഭര്‍തൃവീട്ടില്‍ വിട്ട് മടങ്ങിവരുമ്പോള്‍ പൊലീസ് ലാത്തി എറിഞ്ഞു വീഴ്ത്തി, മര്‍ദിച്ചു. ബൈക്കില്‍നിന്നു വീണ് കാല്‍മുട്ടിന് പരിക്കേറ്റിട്ടും ചികില്‍സ തന്നില്ല. മദ്യപിച്ച് വാഹനം ഓടിച്ചെന്നു കേസെടുത്ത് വിട്ടയച്ചെന്നും പരാതിയില്‍ പറയുന്നു.

🔳കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കുമായി അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് തങ്ങളെ പൊള്ളാച്ചി സബ് ജയിലിലേക്ക് മാറ്റും.

🔳തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അതിവേഗത്തില്‍ ഓടിച്ച ബൈക്ക് മരത്തിലിടിച്ച് മൂന്നു കൗമാരക്കാര്‍ മരിച്ചു. ബിനീഷ് (16), മുല്ലപ്പന്‍ (16), സ്റ്റെഫിന്‍ (16) എന്നിവരാണു മരിച്ചത്.

🔳ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈലിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. സുഹൈലിനൊപ്പം അറസ്റ്റിലായ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം.

🔳നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നല്‍ പരിശോധന. റിലീസ് ചെയ്യാനിരിക്കുന്ന മേപ്പടിയാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകളാണു പരിശോധിച്ചത്.

🔳കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 2021 (കാറ്റ്) ഫലം വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചു. ഒമ്പത് പേര്‍ 100 ശതമാനം മാര്‍ക്ക് നേടി.

🔳തടവുപുള്ളികള്‍ക്ക് പരോളും ജാമ്യവും അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. കേരളത്തിലെ വിവിധ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ ബന്ധുക്കളായ 26 വനിതകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയവരോട് ജയിലുകളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതിനെതിരെയാണ് ഹര്‍ജി.

🔳മുസ്ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷപ്രചാരണം നടത്തിയ ബുള്ളി ബായ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ച പതിനെട്ടുകാരിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ മുസ്ലിം വനിതകളടക്കമുള്ളവരെ ലിസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ സഹിതം ലേലത്തിനുവച്ച് അപമാനിച്ചതിനാണു കേസ്. ഉത്തരാഖണ്ഡ് സ്വദേശിനിയായ ഇവര്‍ക്ക് വ്യാജപേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകളുണ്ട്. നേരത്തെ അറസ്റ്റിലായ ഇരുപത്തൊന്നുകാരനുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നു പോലീസ്.

🔳’ഇന്ത്യന്‍ സര്‍ക്കാരിനെ മുഴുവന്‍ ഞാന്‍ മണിപ്പൂരിന്റെ പടിവാതില്‍ക്കലെത്തിച്ചെ’ന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മണിപ്പൂരില്‍ 1850 കോടി രൂപയുടെ 13 പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി. 2950 കോടി രൂപ മുതല്‍ മുടക്കുന്ന ഒമ്പത് പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

🔳നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെത്തും. പഞ്ചാബ്- ഡല്‍ഹി അതിവേഗപാതയടക്കമുള്ള പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. ഫിറോസ്പൂരില്‍ റാലിയിലും പങ്കെടുക്കും. എന്നാല്‍, ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയുടെ റാലി തടയാന്‍ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാനയിലെ കര്‍ഷകരും പ്രതിഷേധത്തിനെത്തും.

🔳സാമൂഹികപ്രവര്‍ത്തക പദ്മശ്രീ സിന്ധുതായി സപ്കല്‍ അന്തരിച്ചു. അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന ഇവര്‍ക്ക് 76 വയസ്സായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം,

🔳ബിജെപി തെലുങ്കാന സംസ്ഥാന അധ്യക്ഷന്‍ ബി. സഞ്ജയ്കുമാറിനെ അറസ്റ്റു ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയിലാക്കിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നയിക്കാന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഹൈദരാബാദില്‍. ഇന്നു രാവിലെ മുതല്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും തന്നെയും അറസ്റ്റ് ചെയ്യട്ടെയെന്നും നദ്ദ. നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ ഹൈദരാബാദില്‍ പ്രതിഷേധ റാലി നടത്തി.

🔳ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉറപ്പായെന്ന് പ്രതിരോധ കുത്തിവയ്പിനുള്ള സാങ്കേതിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എന്‍.കെ. അറോറ. പ്രധാന നഗരങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമാണ്. മൂന്നാം തരംഗത്തിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

🔳കോവിഡ് വ്യാപനം തടയാന്‍ ഡല്‍ഹിക്കു പുറമേ, കര്‍ണാടകയിലും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാത്രി പത്തു മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുവരെയാണു കര്‍ഫ്യൂ. രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നാല്‍ മുംബൈയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്നലെ 18,500 പേര്‍ക്കാണു മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

🔳ബീഹാറിലെ പറ്റ്‌നയില്‍ നളന്ദ മെഡിക്കല്‍ കോളജില്‍ 159 ഡോക്ടര്‍മാര്‍ക്കു കോവിഡ്. ഇന്നലെ 72 ഡോക്ടര്‍മാര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.

🔳കോവിഡ് വ്യാപനം തടയാന്‍ പഞ്ചാബില്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. രാത്രി നിശാനിയമവും ഏര്‍പ്പെടുത്തി. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. മാളുകളിലും സിനിമാ തിയേറ്ററുകളിലും അമ്പതു ശതമാനം പേരെ പ്രവേശിപ്പിക്കാം.

🔳മാസ്‌ക് ധരിക്കാത്തവര്‍ക്ക് മാസ്‌ക് നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചെന്നൈ തെരുവിലൂടെ യാത്ര ചെയ്യുമ്പോഴാണ് സ്റ്റാലിന്‍ കാര്‍ നിര്‍ത്തി മാസ്‌കിടാത്തവര്‍ക്ക് മാസ്‌ക് വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തു.

🔳എയര്‍ ഇന്ത്യ പ്രതിദിനം 20 കോടി രൂപ നഷ്ടത്തിലായതിനാലാണു വില്‍ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. എയര്‍ ഇന്ത്യ ടാറ്റയ്ക്കു വില്‍ക്കുന്നതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അറിയിച്ചു. വില്‍പനയ്ക്കെതിരേ ബിജെപി നേതാവായ ഡോ. സുബ്രഹ്‌മണ്യം സ്വാമി എംപി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

🔳അഗര്‍ത്തല മഹാരാജ ബീര്‍ ബിക്രം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ത്രിപുരക്ക് ഡബിള്‍ വികസനം പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

🔳ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം കഴിഞ്ഞ് സഞ്ചാരികളുമായുള്ള ഗഗന്‍യാന്‍ പേടകം അറബിക്കടലില്‍ തിരിച്ചിറക്കും. അടുത്ത വര്‍ഷമാണു ഗഗന്‍യാന്‍ ദൗത്യം. അറബിക്കടലില്‍ തിരിച്ചിറക്കാന്‍ കഴിയില്ലെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കും.

🔳ഒമിക്രോണിന് പിന്നാലെ കോവിഡിന്റെ മറ്റൊരു വകഭേദം ഫ്രാന്‍സില്‍. മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരിലാണു പുതിയ വകഭേദം കണ്ടെത്തിയത്. പുതിയ ഇനത്തിന് ഇഹു (വേരിയന്റ് ഐഎച്ച്യു ബി. 1.640.2) എന്നാണ് പേര്.

🔳ഒമാനില്‍ കനത്ത മഴയും വെള്ളപ്പാച്ചിലും. ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്തെ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 35 പേരെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ടീമുകള്‍ രക്ഷപ്പെടുത്തി.

🔳ഓയില്‍ ആന്റ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ തലപ്പത്ത് താത്കാലിക ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായി അളക മിത്തലിനെ നിയമിച്ചു. ഇതാദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. സുഭാഷ് കുമാര്‍ വിരമിച്ചതോടെയാണ് അളക മിത്തലിന്റെ നിയമനം.

🔳ഐഎസ്എല്ലില്‍ ജയിച്ചിരുന്നെങ്കില്‍ പോയന്റ് പട്ടികയില്‍ മുന്നേറാമായിരുന്ന ബെംഗലൂരു എഫ് സിക്ക് അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെതിരെ സമനില മാത്രം. ആദ്യ പകുതിയില്‍ ഹോയ്കിപ്പിന്റെ ഗോളിലൂടെ ലീഡെടുത്ത ഈസ്റ്റ് ബംഗാളിനെതിരെ രണ്ടാം പകുതിയില്‍ സൗരവ് ദാസിന്റെ സെല്‍ഫ് ഗോളിലാണ് ബെംഗലൂരു സമനിലകൊണ്ട് രക്ഷപ്പെട്ടത്.

🔳വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം. 27 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. 35 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 11 റണ്‍സോടെ അജിങ്ക്യാ രഹാനെയും ക്രീസില്‍. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും മായങ്ക് അഗര്‍വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. നേരത്തെ 35-1 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ മാസ്മരിക ബൗളിംഗാണ് 227ല്‍ ഒതുക്കിയത്. 61 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗാണ് പുറത്തെടുത്തത്.

🔳കേരളത്തില്‍ ഇന്നലെ 71,120 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3,640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര്‍ രോഗമുക്തി നേടി. ഇതോടെ 20,180 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,89,100 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49.

🔳രാജ്യത്ത് ഇന്നലെ അമ്പതിനായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 18,466 പേര്‍ക്കും കര്‍ണാടകയില്‍ 2479 പേര്‍ക്കും തമിഴ്നാട്ടില്‍ 2,731 പേര്‍ക്കും പശ്ചിമബംഗാളില്‍ 9,073 പേര്‍ക്കും ഡല്‍ഹിയില്‍ 5,481 പേര്‍ക്കും ചത്തീസ്ഗഡില്‍ 1,059 പേര്‍ക്കും രാജസ്ഥാനില്‍ 1,137 പേര്‍ക്കും ഗുജറാത്തില്‍ 2,265 പേര്‍ക്കും ഹരിയാനയില്‍ 1,132 പേര്‍ക്കും തെലുങ്കാനയില്‍ 1,052 പേര്‍ക്കും പഞ്ചാബില്‍ 1,005 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ അഞ്ച് ലക്ഷത്തിനു മുകളിലും ഇംഗ്ലണ്ടില്‍ 2,18,724 പേര്‍ക്കും ഫ്രാന്‍സില്‍ 2,71,686 പേര്‍ക്കും തുര്‍ക്കിയില്‍ 54,724 പേര്‍ക്കും ജര്‍മനിയില്‍ 43,890 പേര്‍ക്കും സ്പെയിനില്‍ 1,17,775 പേര്‍ക്കും ഇറ്റലിയില്‍ 1,70,844 പേര്‍ക്കും അര്‍ജന്റീനയില്‍ 81,210 പേര്‍ക്കും കാനഡയില്‍ 25,846 പേര്‍ക്കും പോര്‍ച്ചുഗലില്‍ 25,836 പേര്‍ക്കും ഗ്രീസില്‍ 50,126 പേര്‍ക്കും ആസ്ട്രേലിയയില്‍ 47,202 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 29.52 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 3.37 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,766 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,553 പേരും ഫ്രാന്‍സില്‍ 351 പേരും റഷ്യയില്‍ 834 പേരും ജര്‍മനിയില്‍ 397 പേരും പോളണ്ടില്‍ 433 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.64 ലക്ഷമായി.

🔳നികുതി വെട്ടിപ്പുകാര്‍ക്കും നിയമ ലംഘകര്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ വഴി കാരണം കാണിക്കല്‍ നോട്ടീസുകള്‍ അയച്ചു സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). കാരണം കാണിക്കല്‍ നോട്ടീസുകള്‍, സമന്‍സുകള്‍, ഓര്‍ഡറുകള്‍ തുടങ്ങിയവയാണ് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയ തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ അയയ്ക്കുന്നത്. നടപടി പ്രക്രിയകള്‍ വേഗത്തിലും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. ഇ- മെയില്‍, രജിസ്റ്റര്‍ ചെയ്ത പോസ്റ്റ്, കൊറിയര്‍, ഫാക്സ് എന്നിവയുള്‍പ്പെടെയുള്ള സാധാരണ ആശയവിനിമയ രീതിക്ക് പുറമേയാണിത്.

🔳ഫേസ്ബുക്ക്, ടിക്ടോക്ക്, വി ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വ്യാപാരം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മറ്റു മേഖലയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ വളരുമെന്ന് കണ്‍സള്‍ട്ടിങ് കമ്പനിയായ ആക്സെഞ്ചര്‍ പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും നടക്കുന്ന ഇടപാടുകളെ സോഷ്യല്‍ കൊമേഴ്സ് എന്നാണ് വിളിക്കുന്നത്. 2025ഓടെ ഇതു വഴിയുള്ള വിപണനം 1.2 ട്രില്യണ്‍ ഡോളറിലെത്തും. 2021ല്‍ ഇത് 492 ബില്യണ്‍ ഡോളറായിരുന്നു.

🔳സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘കള്ളന്‍ ഡിസൂസ’യുടെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രത്തില്‍ പൊലീസ് ആയാണ് ദിലീഷ് പോത്തന്‍ വേഷമിടുന്നത്. സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, അപര്‍ണ നായര്‍, വിനോദ് കോവൂര്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, കൃഷ്ണകുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജിത്തു കെ. ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും. രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്.

🔳കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കിടയില്‍ റെക്കോഡ് നേട്ടവുമായി ‘പുഷ്പ’. ഈ സിനിമയുടെ മലയാളം ഡബ്ബിംഗ് പതിപ്പ് കേരളത്തില്‍ നിന്നും വാരിയത് 13.8 കോടിയാണ്. പതിനാറ് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടിക്ക് മുകളില്‍ കളക്ട് ചെയ്തത്. അതേസമയം ചിത്രം ജനുവരി ഏഴ് മുതല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഡിസംബര്‍ 17ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 300 കോടിയാണ്.

🔳2021 ഡിസംബര്‍ മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ രാജ്യത്തെ ഇരുചക്രവാഹന പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി വിറ്റത് 250,933 യൂണിറ്റുകള്‍. 2020 ഡിസംബറിലെ 272,084 യൂണിറ്റുകളെ അപേക്ഷിച്ചാണ് 2021 ഡിസംബറില്‍ 250,933 യൂണിറ്റ് വാഹനങ്ങള്‍ കമ്പനി വിറ്റത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മൊത്തം ഇരുചക്രവാഹന വില്‍പ്പന 235,392 യൂണിറ്റായിരുന്നു. ഈ വര്‍ഷം ഇത് 258,2320 യൂണിറ്റായിരുന്നു. 2021 ഡിസംബറില്‍ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 146,763 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 176,912 യൂണിറ്റായിരുന്നു ഈ വില്‍പ്പന.

🔳മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് ‘മഞ്ഞിന്റെ ഗന്ധം’. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന കാലം. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെനിന്‍ അന്താരാഷ്ട്ര സ്‌കൂളില്‍ പഠിക്കാനെത്തുന്നു. ഈ ഹിമഗന്ധപശ്ചാത്തലത്തിലാണ് അജ്ഞാതമായ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ബോള്‍ഷെവിക് ലോകത്തിന്റെ ഒരു ചരിത്രരേഖ. ‘മഞ്ഞിന്റെ ഗന്ധം’. അഹമ്മദ് ഉമിത്. ഗ്രീന്‍ ബുക്സ്. വില 455 രൂപ.

🔳നമ്മുടെ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ ധാതുക്കളും പ്രധാനം ചെയ്യുന്നതില്‍ പച്ചക്കറികള്‍ വലിയ പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ തുടരുന്നതിന് പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ശരീരഭാരം നിയന്ത്രിച്ച് ഫിറ്റാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കലോറി കുറഞ്ഞ ചില പച്ചക്കറികള്‍ ഉപകാരം ചെയ്യും. കലോറി കുറഞ്ഞ പച്ചക്കറികളിലൊന്നായ കാബേജില്‍ ഫൈബര്‍ ധാരാളമുണ്ട്. സൂപ്പും ബ്രോത്തും ഉണ്ടാക്കാനും സാന്‍ഡ് വിച്ചും സാലഡുമൊക്കെ തയാറാക്കാനും ഉപയോഗിക്കുന്നു. പോഷകങ്ങള്‍ അടങ്ങിയ ചീര ഭക്ഷണത്തില്‍ അവശ്യമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. 100 ഗ്രാമില്‍ 23 കാലറി മാത്രം അടങ്ങിയ ചീര കറിയായും തോരനായും സാലഡും സൂപ്പായുമെല്ലാം ഉപയോഗിക്കാവുന്നതാണ്. കലോറി കുറഞ്ഞ ജലാംശം കൂടിയ പച്ചക്കറിയാണ് വെള്ളരി. സാലഡിനും സാന്‍ഡ് വിച്ചിനും ഒപ്പം വെള്ളരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൂടാതെ ബ്രക്കോളിഫിറ്റ്നസ് പ്രിയരുടെ ഇഷ്ട വിഭവമാണ് ബ്രക്കോളിയും. മീറ്റ് പ്രോട്ടീനിന്റെ കൂടെ കഴിക്കാവുന്നതാണ്.

*ശുഭദിനം*

ആ കാട്ടില്‍ വേനല്‍ കടന്നുവരാറായി. ജലാശയങ്ങള്‍ വറ്റിവരണ്ടുതുടങ്ങി. ‘ഇവിടുളള വെള്ളമെല്ലാം വറ്റുമ്പോഴേക്കും വെള്ളമുള്ള പുതിയ സ്ഥലങ്ങള്‍ നമുക്ക് കണ്ടുപിടിക്കണ്ടേ..’ കൂട്ടുകാരനായ കുരങ്ങന്‍ മുയലിനോട് ചോദിച്ചു. മുയലും കുരങ്ങിന്റെ അഭിപ്രായത്തോട് യോജിച്ചു. പിറ്റെദിവസം അവര്‍ വെള്ളമുള്ള സ്ഥലം തേടി യാത്രതുടങ്ങി. യാത്ര നീണ്ടു. മുയല്‍ തളര്‍ന്നുതുടങ്ങി. മുയല്‍ കുരങ്ങനോട് പറഞ്ഞു: എങ്ങും വരണ്ടുണങ്ങിയ മണ്ണും ഉണങ്ങിയമരങ്ങളും മാത്രം. എന്റെ പ്രതീക്ഷയെല്ലാം കുറഞ്ഞുകുറഞ്ഞുവരുന്നു. മാത്രമല്ല, ഞാന്‍ തളരുന്നു. അപ്പോള്‍ കുരങ്ങന്‍ പറഞ്ഞു. ഇല്ല, കുറച്ചുദൂരം കൂടി നമുക്ക് നടക്കാം. അവിടെ നമ്മള്‍ വെള്ളം കണ്ടെത്താതിരിക്കില്ല, അവര്‍ വീണ്ടും യാത്ര തുടര്‍ന്നു, മുയല്‍ തളര്‍ന്നു, യാത്ര അവസാനിപ്പിക്കാനുള്ള ആവശ്യവുമായി മുയല്‍ വീണ്ടും കുരങ്ങിനടുത്തെത്തി. കുരങ്ങ് വീണ്ടും മുയലിനെ സമാധാനിപ്പിച്ചു. ദുരെ വെള്ളം ഉള്ള സ്ഥലം ഉറപ്പായും കണ്ടെത്താനാകും. ആ പ്രതീക്ഷയില്‍ മുയല്‍ വീണ്ടും നടന്നു. കുറെ ദൂരം ചെന്നതോടെ ഒരടികൂടി നടക്കാന്‍ വയ്യാതെ മുയല്‍ തളര്‍ന്നിരിപ്പായി. മാത്രമല്ല, വരണ്ടുണങ്ങിയ മണ്ണും ഉണങ്ങിയ മരങ്ങളും മുയലിന്റെ ആത്മവിശ്വാസത്തെ തകര്‍ത്തിരുന്നു. കുരങ്ങനും മുയലിനരികിലേക്ക് വന്നിരിപ്പായി. കുറച്ച് നേരം കഴിഞ്ഞ് കുരങ്ങന്‍ മുയലിനെ എടുത്ത് മരത്തിന് മുകളിലേക്ക് കൊണ്ടുപോയി. ദൂരെ പച്ചപ്പുനിറഞ്ഞ മരങ്ങള്‍ കണ്ട് മുയലിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. അതെ, അവിടെ ഉറപ്പായും വെള്ളമുണ്ടാകും… അപ്പോള്‍ മുയല്‍ പറഞ്ഞു. ഞാന്‍ താഴെ നടക്കുമ്പോള്‍ എനിക്ക് അടുത്തുള്ള കാഴ്ചകള്‍ മാത്രമേ കാണാനാകൂ… നീ ഉയരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നിനക്ക് ദൂരക്കാഴ്ചകള്‍ കൂടി കാണാം. ആ കാഴ്ചയായിരുന്നു നിന്റെ മുന്നോട്ടുളള യാത്രയുടെ ഊര്‍ജ്ജം. മുയല്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ കുരങ്ങന്‍ അതെയെന്ന് തലയാട്ടി. അവര്‍ യാത്ര തുടര്‍ന്നു. അടുത്തകാണുന്ന നിരാശപ്പെടുത്തുന്ന കാഴ്ചകളല്ല, അകലെയുള്ള നല്ല ലക്ഷ്യങ്ങള്‍ കണ്ടുകൊണ്ടാണ് നമ്മുടെ ഓരോ യാത്രയും തുടരേണ്ടത്