കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനവും: കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനങ്ങൾ

 

ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനൊപ്പം കൊവിഡ് വ്യാപനവും രൂക്ഷമായതോടെ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. പഞ്ചാബും ബിഹാറും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും വിവിധ സംസ്ഥാനങ്ങൾ ആലോചിക്കുന്നുണ്ട്

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ ശക്തമാക്കാമെന്ന് കേന്ദ്രം അറിയിച്ചു. തമിഴ്‌നാട്ടിൽ ഇന്നലെ 2731 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1489 പേരും  ചെന്നൈയിലാണ്. ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. 904 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇന്ന് മുതൽ തമിഴ്‌നാട് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്തവരെ മാത്രമേ കടത്തിവിടൂ. േ

കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. രാത്രി കർഫ്യൂവും തുടരും. ബംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു. റാലികൾക്കും ധർണകൾക്കും വിലക്കേർപ്പെടുത്തി. കേരളാ അതിർത്തികളിൽ പരിശോധനക്കായി കൂടുതൽ പോലീസിനെ വിന്യസിക്കാനും തീരുമാനമായി.