കോഴിക്കോട്: സുപ്രഭാതം മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി എന്‍ സി ഷരീഫ് – സഹല ദമ്പതികള്‍ക്കാണ് 36 മണിക്കൂറുകളോളം ആശുപത്രികളുടെയും സര്‍ക്കാര്‍ അധികൃതരുടെയും ദുര്‍വാശിക്കിരയായതിനൊടുവില്‍ കന്നിപ്രസവത്തിലെ ഇരട്ട കുഞ്ഞുങ്ങളെ നഷ്ടമായത്.
നേരത്തെ സഹലക്ക് കൊവിഡ് പോസിറ്റീവ് ആവുകയും ഈ മാസം 15ന് നെഗറ്റീവ് ആകുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് രോഗികള്‍ക്കേ ചികില്‍സയുള്ളൂവെന്ന് മെഡിക്കല്‍ കോളജും, നേരത്തെ കൊവിഡ് ഉണ്ടായതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികളും നിലപാടെടുക്കുകയായിരുന്നു.
പ്രസവവേദന വന്നതോടെ ശനിയാഴ്ച്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതി പോയത്. എന്നാല്‍, മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കിയതിനാല്‍ രണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അധികൃതരോടും സ്വകാര്യ ആശുപത്രികളോടും കരഞ്ഞു അഭ്യര്‍ഥിച്ചെങ്കിലും അനുകൂലപ്രതികരണം ഉണ്ടായില്ലെന്ന് ഷരീഫ് പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളജ് മടക്കി അയച്ചതിനാല്‍ രാവിലെ 11 ഓടെ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് കോട്ടപറമ്പുള്ള മാതൃശിശു ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ഉച്ചയോടെ കോട്ടപറമ്പ് ഗവ. ആശുപത്രിയിലെത്തിയെങ്കിലും ഒ പി സമയം കഴിഞ്ഞെന്നു പറഞ്ഞ് അവിടെനിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വഴിമധ്യേ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയെ സമീപ്പിച്ചെങ്കിലും അഡ്മിറ്റാവാന്‍ പറഞ്ഞ ശേഷം ചികിത്സ തടയപ്പെട്ടു.
ഇതിനൊടുവില്‍ മുക്കം കെ എം സി ടി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ഫലവുമായി ശനിയാഴ്ച വൈകുന്നേരം ആറരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെ എം സി ടിയില്‍ നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങള്‍ക്ക് മിടിപ്പില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടെ മലപ്പുറം ഡി എം ഒ ഡോ. സക്കീന ആരോഗ്യമന്ത്രി കെ കെ ശൈലജയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വൈകിയെങ്കിലും ഗര്‍ഭിണിയെ ചികിത്സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളയില്‍ സാഹചര്യം ഒരുക്കിയത്.
ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജ് സുപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട് ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി വൈകീട്ടോടെ ശസ്ത്രക്രിയവഴി കുഞ്ഞുങ്ങളെ പുറത്തെടുത്തു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അവഗണനയുടെ തുടക്കം. ഇവിടെ പ്രസവം എടുക്കില്ലെന്നും കൊവിഡ് രോഗികള്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയുള്ളുവെന്നുമായിരുന്നു മറുപടി. സ്വകാര്യ ആശുപത്രിയില്‍ എടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും ചികിത്സ നല്‍കാനാവില്ലെന്ന കാര്യത്തില്‍ മെഡിക്കല്‍ കോളജ് ഉറച്ചു നില്‍ക്കുകയായിരുന്നു. വേദനകൊണ്ട് പുളയുന്ന ഗര്‍ഭിണിയോടുള്ള പെരുമാറ്റവും ക്രൂരമായിരുന്നുവെന്നാണ് ആക്ഷേപം. പുലര്‍ച്ചെ എത്തിയിട്ടും സ്‌കാന്‍ ചെയ്യാന്‍ പോലും തയാറായില്ല. ഇപ്പോള്‍ വേദന ഇല്ലെന്നും കൊണ്ടുപൊയ്‌ക്കൊളൂവെന്നും മെഡിക്കല്‍ കോളജില്‍ നിന്ന് അന്തിമനിര്‍ദേശവും ലഭിച്ചു. രാവിലെ 10 മണിയോടെ മറ്റ് ആശുപത്രികളില്‍ പോവാനായി കൊവിഡ് മുക്തമായെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ഇത്രയും നേരത്തെ തന്നെ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഇറങ്ങിയിരിക്കുകയാണോ എന്നായിരുന്നു സൂപ്രണ്ട് നല്‍കിയ മറുപടി.
സര്‍ക്കാര്‍ നല്‍കുന്ന ആന്റിജന്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി സ്വകാര്യ ആശുപത്രികള്‍ പരിഗണിക്കുന്നില്ല. നേരത്തെ കൊവിഡ് ഉണ്ടായിരുന്നതിനാല്‍ കൊവിഡ് ആന്റിജന്‍ പരിശോധന മതിയാവില്ലന്നും പി സി ആര്‍ ഫലം തന്നെ വേണമെന്നും പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത്.
ചികിത്സ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എം എം എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.