Headlines

‘സ്പെഷൽ’ വലയി‌ട്ട് പൊലീസ്; വീണത് ആയങ്കിയും 25 ഗുണ്ടകളും; ഓപ്പറേഷൻ ഗ്രിപ്് തുടങ്ങി

 

തിരുവനന്തപുരം ∙ സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി രംഗത്തെത്തിയതോടെ ഗുണ്ടകളെ പിടികൂടാനുള്ള സ്‌പെഷൽ ഡ്രൈവുമായി വീണ്ടും കേരള പൊലീസ്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ആവിഷ്കരിച്ച ഓപ്പറേഷൻ ഗ്രിപ് പദ്ധതി സംസ്ഥാന വ്യാപകമായി പുനരാരംഭിച്ചു.ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ ഗ്രിപ് 2.0’ന്റെ ആദ്യലക്ഷ്യം അർജുൻ ആയങ്കി തന്നെയായിരുന്നു. ഇന്നു പുലർച്ചെ ഇയാളെ പിടികൂടുകയും ചെയ്തു. അർജുനുമായി ബന്ധപ്പെട്ട 25 പേരെ കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽനിന്നു പിടികൂടിയതായും പൊലീസ് അറിയിച്ചു.പിടികിട്ടാപ്പുള്ളികൾ, കാപ്പ കേസ് പ്രതികൾ, ജാമ്യത്തിലിറങ്ങിയശേഷം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിയവർ, കുറ്റവാളികളെ സ്പോൺസർ ചെയ്യുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ ഗ്രിപ് സ്പെഷൽ ഡ്രൈവ്. ലോക്കൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന തിരച്ചിലിന് സൈബർ, ഇന്റലിജൻസ് വിഭാഗങ്ങളുടെ പിന്തുണയുണ്ടാകും. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസെൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പൊലീസിനെ വെല്ലുവിളിച്ച് പരസ്യമായി രംഗത്തെത്തിയ അർജുൻ ആയങ്കിയെ 48 മണിക്കൂറിനുള്ളിൽ പിടികൂടാനുള്ള ദൗത്യം വിജയിക്കുകയും ചെയ്തു. ഇയാളുടെ പരാമർശങ്ങൾ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നതിനാൽ അർജുൻ ആയങ്കിയെ എത്രയും വേഗം പിടികൂടി സേനയുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥർക്കുള്ള നിർദേശം.ഇതിനിടെ, സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.