കൊച്ചി ∙ നീണ്ടകരയിൽ കടലിൽ കാണാതായ 26കാരൻ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിന് ഇന്ത്യൻ നാവികസേനയും. നാവികസേനയുടെ വിദഗ്ധ സ്കൂബ സംഘവും ഹെലികോപ്റ്ററുകളും തിരച്ചിലിനു നേതൃത്വം നൽകുന്നുണ്ട്. ആഴക്കടലിലെ പരിശോധനകൾ ശക്തമാക്കുന്നതിനായി കൊച്ചിയിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട നാവികസേനയുടെ അതിവേഗ പട്രോളിങ് യുദ്ധക്കപ്പലായ ഐഎൻഎസ് കൽപേനി നിലവിൽ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ്.പ്രത്യേക പരിശീലനം ലഭിച്ച നാവികസേനയുടെ ഡൈവിങ് സംഘം കപ്പലിലുണ്ട്. ഡൈവിങ് നടത്തേണ്ട കൃത്യമായ സ്ഥലം നിർണയിക്കുന്നതിനായി മറൈൻ എൻഫോഴ്സ്‌മെന്റുമായി സംഘം ബന്ധപ്പെട്ടു. മറൈൻ എൻഫോഴ്സ്‌മെന്റ് ബോട്ട് സൂചിപ്പിച്ച പോയിന്റുകളിൽ നാവികസേനയുടെ ഡൈവർമാർ നിലവിൽ ഡൈവിങ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിനടിയിലെ നിരീക്ഷണ ശേഷിയും തിരച്ചിലിന്റെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി പോർട്ടബിൾ സോണാർ സാങ്കേതികവിദ്യയും ഡൈവിങ് സംഘം ഉപയോഗിക്കുന്നുണ്ട്. 10 ദിവസം മുമ്പ് മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് ഗൗതം കൃഷ്ണയെ കാണാതായത്. അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ഗൗതമിന്റെ അച്ഛന്റെയും മുത്തച്ഛന്റെയും മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. തിരച്ചിലിനു നാവികസേനയെ നേരിട്ട് രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമിന്റെ അമ്മ രേഷ്മ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും അടിയന്തര ഇടപെടലിനെത്തുടർന്നാണ് ഹെലികോപ്റ്ററിന് ആവശ്യമായ ഇന്ധന സൗകര്യങ്ങൾ ഒരുക്കുകയും നാവികസേനയുടെ സേവനം ലഭ്യമാക്കുകയും ചെയ്തത്.








