Headlines

ജിഎസ്ടി ഉദ്യോഗസ്ഥരെന്ന പേരിൽ വ്യാജ ഫോൺകോളുകൾ; സൂക്ഷിച്ചോ, പണം കൈമാറരുത്: മുന്നറിയിപ്പുമായി പൊലീസ്

 

ചെറുതോണി ∙ ജിഎസ്ടി ഉദ്യോഗസ്ഥരെന്ന വ്യാജേന ജില്ലയിലെ വ്യാപാരികളെയും ഇതര സ്ഥാപന ഉടമകളെയും ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്നതു വ്യാപകമാകുന്നതായി ജില്ലാ പൊലീസ്. ‘ഉദ്യോഗസ്ഥനാണ്’ എന്ന ഫോൺ വിളിയിൽ വിശ്വസിച്ച് പണം നൽകരുത്. ജിഎസ്ടി, പൊലീസ്, വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തി ഫോൺ വിളിച്ച് കേസ് ഒഴിവാക്കുന്നതിനോ നടപടി തടയുന്നതിനോ പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമായിരിക്കാം. സംശയാസ്പദമായ ഫോൺകോളുകൾ ലഭിച്ചാൽ, പരിചയമില്ലാത്തവർക്കു പണം കൈമാറരുത്. ഒടിപി, പിൻ, ബാങ്ക് വിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവയും കൈമാറരുത്. ഫോൺ വിളിക്കുന്നയാൾ പറയുന്ന നമ്പറിലേക്ക് ഗൂഗിൾ പേ / യുപിഐ വഴി പണം അയയ്ക്കുകയും ചെയ്യരുത്. ഇങ്ങനെ ഫോൺ കോൾ വന്നാൽ ബന്ധപ്പെട്ട സർക്കാർ ഓഫിസിന്റെ ഔദ്യോഗിക നമ്പറിൽ നേരിട്ട് വിളിച്ച് വിവരം സ്ഥിരീകരിക്കണം. ഫോൺ സംഭാഷണം, സന്ദേശങ്ങൾ, ഇടപാട് വിവരങ്ങൾ തുടങ്ങിയ തെളിവുകൾ സൂക്ഷിക്കുകയും വേണം.തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ വിവരം അറിയിക്കണം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും ജില്ലാ പൊലീസ് അറിയിച്ചു.