Headlines

പാചകവാതക നിയന്ത്രണം നീക്കിയില്ല; വലഞ്ഞ് ഗാർഹിക ഉപയോക്താക്കൾ: ഓണമടുക്കുമ്പോൾ പ്രതിസന്ധി രൂക്ഷമാകുമെന്ന് ആശങ്ക

 

മലപ്പുറം ∙ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതകത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് ഇപ്പോഴും തുടരുന്നതിൽ വലഞ്ഞ് ഉപഭോക്താക്കൾ. വാണിജ്യ സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി ആഴ്ചകൾ കഴിഞ്ഞിട്ടും ഗാർഹിക സിലിണ്ടറുകൾക്ക് നിയന്ത്രണം തുടരുന്നു. ഓണം അടുത്തതിനാൽ ആശങ്ക ഏറെയാണ്. നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പെട്രോളിയം മന്ത്രിക്കുമടക്കം ഭീമഹർജി നൽകിയിരിക്കുകയാണ് ഉപയോക്താക്കളുടെ കൂട്ടായ്മ. രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും ഗാർഹിക സിലിണ്ടറുകളുടെ നിയന്ത്രണം തുടരുന്നതിനെതിരെ കെ.രാധാകൃഷ്ണൻ എംപി അടക്കമുള്ള ജനപ്രതിനിധികൾ പെട്രോളിയം മന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്.നിലവിൽ ഗ്രാമീണ മേഖലയിൽ 45 ദിവസവും നഗരമേഖലയിൽ 25 ദിവസവുമാണ് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള കുറഞ്ഞ ഇടവേള. ഗ്രാമീണ മേഖലയിലാണു കൂടുതൽ പ്രതിസന്ധി. ഒരു സിലിണ്ടർ ലഭിച്ചാൽ അടുത്തത് ബുക്ക് ചെയ്യാൻ 45 ദിവസം കാത്തിരിക്കണം. ഇതിനിടയ്ക്ക് സിലിണ്ടർ തീർന്ന് പുതിയതു കിട്ടാനായി ദിവസവും നൂറുപേരെങ്കിലും എത്തുന്നുണ്ടെന്ന് 24,000 കണക്‌ഷനുകളുള്ള ഒരു ഏജൻസി ഉടമ പറഞ്ഞു. ഇടവേള പൂർത്തിയാകാത്തിനാൽ ജീവനക്കാർക്ക് കൈമലർത്തേണ്ടി വരുന്നു. ഇതേച്ചൊല്ലി ഉപയോക്താക്കളും ഏജൻസി ജീവനക്കാരും തമ്മിൽ തർക്കവും പതിവ്. കൂടുതൽ പാചകവാതക ഉപയോഗമുള്ള ഓണക്കാലത്ത് ഇതു വർധിക്കാനും സാധ്യതയേറെയാണ്.

 

അതേസമയം ഗ്രാമ, നഗര വ്യത്യാസം ഏജൻസികളെ അടിസ്ഥാനപ്പെടുത്തിയാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി തിരുനാവായ പഞ്ചായത്തിലുള്ള ഒരു ഏജൻസിയിൽ തൊട്ടടുത്ത തിരൂർ, വളാഞ്ചേരി, കോട്ടയ്ക്കൽ നഗരസഭകളിലെ വീടുകൾ കണക്‌ഷനെടുത്തിട്ടുണ്ട്. എന്നാൽ, ഈ നഗരവാസികൾക്കും ഗ്രാമീണ മേഖലയ്ക്കുള്ള 45 ദിവസം കാത്തിരിക്കേണ്ടിവരുന്നു. നഗരത്തിലെ ഏജൻസിയിൽ കണക്‌ഷനുള്ള ഗ്രാമങ്ങളിലെ വീടുകൾക്ക് 25 ദിവസവും.പാചകവാതക വിതരണത്തിന് ഇത്തരത്തിൽ നഗര–ഗ്രാമീണ വിവേചനം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നിയന്ത്രണം പിൻവലിക്കണമെന്നും കെ.രാധാകൃഷ്ണൻ എംപി മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഗ്രാമമേഖലയിലെ 45 ദിവസത്തെ ഇടവേള അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ഗ്രാമ–നഗര വ്യത്യാസ്യമില്ലാതെ ഒരുപോലെ സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നുമാണ് തിരുനാവായയിലെ ഉപയോക്താക്കളുടെ കൂട്ടായ്മ പ്രധാനമന്ത്രി അടക്കമുള്ളവർക്കയച്ച ഭീമഹർജിയിലെ ആവശ്യം. ഓണക്കാലമടുത്തതിനാൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യവും ഉയരുന്നു.