പകൽ വെളിച്ചം മാറി ആകാശം പെട്ടെന്ന് ഇരുളിലേക്ക് പോകുന്നു അപൂർവ ആകാശ പ്രതിഭാസത്തിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നു. ഓഗസ്റ്റ് 12ന് ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പൂർണ സൂര്യഗ്രഹണം (Total Solar Eclipse) ആരംഭിക്കുകയാണ്. യൂറോപ്പ്, ഗ്രീൻലൻഡ്, ഐസ്ലൻഡ്, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ ഈ ഗ്രഹണം ദൃശ്യമാകും.
ഗ്രഹണം നടക്കുന്ന സമയത്ത് ഇന്ത്യയിൽ രാത്രിയായതിനാൽ രാജ്യത്ത് ഇത് നേരിട്ട് ദൃശ്യമാകില്ല.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) അനുസരിച്ച് ഓഗസ്റ്റ് 12 രാത്രി 9.04-ഓടെ ഗ്രഹണ ഘട്ടങ്ങൾക്ക് തുടക്കമാകും.അവസാനിക്കുന്നത്: ഓഗസ്റ്റ് 13 പുലർച്ചെയോടെ ഗ്രഹണം അവസാനിക്കും.
ഗ്രഹണം എവിടെയൊക്കെ കാണാം?
വടക്കൻ റഷ്യയിലെ വിജനമായ മേഖലകളിൽ നിന്നാണ് ഗ്രഹണം ആദ്യം ദൃശ്യമാകുന്നത്. തുടർന്ന് ചന്ദ്രന്റെ നിഴൽ സഞ്ചരിക്കുന്ന ‘പാത്ത് ഓഫ് ടോട്ടാലിറ്റി’ ഗ്രീൻലൻഡ്, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗലിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവയിലൂടെ കടന്നുപോകും. സ്പെയിനിൽ വടക്കൻ നഗരമായ ഒവീഡോ മുതൽ മയോർക്ക ദ്വീപ് വരെ ഗ്രഹണം കാണാനാകും.
സ്പെയിനിൽ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് രണ്ട് മിനിറ്റിൽ താഴെ സമയമേ പൂർണ്ണ ഗ്രഹണം നീണ്ടുനിൽക്കൂ. റഷ്യ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിൽ ഇത് പരമാവധി രണ്ടര മിനിറ്റ് വരെ നീളാം. ചന്ദ്രൻ സൂര്യന് കുറുകെ നീങ്ങിത്തുടങ്ങുന്ന ഭാഗിക ഗ്രഹണ ഘട്ടം ഏകദേശം 1 മണിക്കൂർ 45 മിനിറ്റ് വരെ നീണ്ടുനിൽക്കും.
ലൈവ് സ്ട്രീമിങിലൂടെ നമുക്കും കാണാംഗ്രഹണം നേരിട്ട് കാണാൻ സാധിക്കാത്തവർക്കായി രാജ്യാന്തര ബഹിരാകാശ ഏജൻസികൾ തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്, ലോകത്തെവിടെനിന്നും ഇതിലൂടെ കാണാം
നാസ: സൂര്യഗ്രഹണത്തിന്റെ ശാസ്ത്രീയ വശങ്ങളും തത്സമയ ദൃശ്യങ്ങളും ഉൾപ്പെടുത്തി പ്രത്യേക സ്ട്രീമിങ് നടത്തുന്നു.
European Space Agency (ESA): സ്പെയിനിലെ ജവലാമ്പര ഒബ്സർവേറ്ററിയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങളും ജ്യോതിശാസ്ത്രജ്ഞരുടെ ചർച്ചകളും സ്ട്രീം ചെയ്യുന്നു.
Royal Observatory Greenwich: ലണ്ടൻ നഗരത്തിന് മുകളിൽ ദൃശ്യമാകുന്ന ഭാഗിക സൂര്യഗ്രഹണത്തിന്റെ തത്സമയ ദൃശ്യങ്ങൾ റോയൽ ഒബ്സർവേറ്ററി ഗ്രീൻവിച്ച് സംപ്രേഷണം ചെയ്യുന്നുണ്ട്.
സുരക്ഷിതമായി എങ്ങനെ കാണാം?
സൂര്യഗ്രഹണം നേരിട്ട് കാണുന്നത് കണ്ണിന് ഗുരുതരമായ കാഴ്ചവൈകല്യങ്ങൾ ഉണ്ടാക്കും:
അംഗീകൃത സർട്ടിഫൈഡ് എക്ലിപ്സ് ഗ്ലാസുകൾ മാത്രം ഉപയോഗിക്കുക.
സാധാരണ സൺഗ്ലാസുകൾ ഉപയോഗിച്ച് സൂര്യനെ നോക്കരുത്.
സോളാർ ഫിൽട്ടറുകൾ ഇല്ലാതെ ക്യാമറകൾ, ബൈനോക്കുലറുകൾ, ദൂരദർശിനികൾ എന്നിവ വഴി ഗ്രഹണം കാണാൻ ശ്രമിക്കരുത്.
രാത്രിയിലെ അപൂർവ്വ വിസ്മയം: പെഴ്സീഡ് ഉൽക്കാവർഷം
സൂര്യഗ്രഹണത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 12 രാത്രിയെ കൂടുതൽ ആകർഷകമാക്കുന്നത് പെഴ്സീഡ് ഉൽക്കാവർഷം കൂടി അന്നേദിവസം ഉച്ചസ്ഥായിയിലെത്തുന്നു എന്നതാണ്. അമാവാസി ദിനമായതിനാൽ ഇരുണ്ട ആകാശം ഉൽക്കാവർഷത്തിന്റെ ദൃശ്യചാരുത വർദ്ധിപ്പിക്കും.
സാധാരണ ദിവസങ്ങളിൽ മണിക്കൂറിൽ 5-8 ഉൽക്കകളെ കാണാമെങ്കിലും ഉൽക്കാപ്രവാഹ സമയങ്ങളിൽ ഇത് വളരെ കൂടുതലായി കാണാം. പെഴ്സിഡ് പ്രവാഹത്തിൽ മണിക്കൂറിൽ 50-100 ഉൽക്ക വരെ കാണാറുണ്ട്. ഇക്കാലത്ത് പാതിരാവിന് ശേഷം ശേഷം വടക്ക് കിഴക്കൻ മാനത്ത് ഉദിക്കുന്ന പെഴ്സ്യൂസ് നക്ഷത്ര ഗണത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഈ പ്രവാഹം വരുന്നതായി കാണപ്പെടുക. അതുകൊണ്ടാണിതിന് പെഴ്സിഡ് എന്ന പേര് കിട്ടിയത്. ഉൽക്കകൾ പ്രത്യക്ഷപ്പെടുന്നതായി കാണുന്ന പ്രത്യേക ഭാഗത്തെ റേഡിയന്റ് എന്നറിയപ്പെടും. പക്ഷെ റേഡിയന്റിൽനിന്ന് 40 -45 ഡിഗ്രി അകലെ മാനത്തെവിടെയും ഭംഗിയായി ഉൽക്കകൾ കാണാം.
പ്രകാശ മലിനീകരണം കുറവുള്ള നാട്ടിൻ പുറങ്ങളിൽ കാഴ്ച്ച കൂടുതൽ ഭംഗിയാവും. വിശാലമായ മൈതാനമോ ടെറസ്സോ നിരീക്ഷണ വേദിയാക്കാം. ഏതാണ്ട് 20 മിനിട്ട് ഇരുട്ടിൽ നിന്നുകൊണ്ട് കണ്ണിനെ ഇരുട്ടുമായി താദാത്മ്യം വരുത്തേണ്ടതുണ്ട്. ഒരുമണിക്കൂറിൽ എത്ര ഉൽക്കകൾ കണ്ടു എന്ന് രേഖപ്പെടുത്തുന്നത് നല്ലതാണ്.






