🔳പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും സംസാരിക്കാനുള്ളത് കശ്മീര്‍ ജനതയോട് മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.
🔳പുല്‍വാമയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കൊപ്പം അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ രാത്രി ലാത്പോരയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് അമിത് ഷാ കഴിഞ്ഞത്. മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അമിത് ഷാ ഇന്ന് കാശ്മീരില്‍ നിന്ന് മടങ്ങും.
🔳ഇന്ധന വില വര്‍ധനയ്ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. നഗരങ്ങളിലും വില്ലേജ് – താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. വില വര്‍ധന ജനങ്ങളെ കൊള്ളയടിക്കുന്നത് പോലെയാണെന്നും വില വര്‍ധന ക്ഷേമ പദ്ധതികള്‍ക്കും വാക്സിനേഷനുമാണെന്നത് അസംബന്ധമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അനുപമ വിഷയം തനിക്ക് അറിയില്ലെന്നും തന്റെ ശ്രദ്ധയില്‍ വിഷയം വന്നിട്ടില്ലെന്നും കേരളത്തിലെ വിഷയത്തില്‍ സംസ്ഥാന ഘടകം ഇടപെടുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
🔳മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇന്‍ഡോറിലെ മഹാത്മഗാന്ധി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 11,816 കോവിഡ് രോഗികളില്‍ 6,664 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 357 മരണങ്ങളില്‍ 281 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 219 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 9 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,57,471 സജീവരോഗികളില്‍ 74,808 രോഗികളും കേരളത്തിലാണുള്ളത്.
🔳അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ എകെജി സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി വിവരം തേടി. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ തിരുത്തല്‍ തുടങ്ങിയതിനൊപ്പം മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും. സംസ്ഥാന സെക്രട്ടറിയേറ്റ് ഉടന്‍ പ്രശ്നം ചര്‍ച്ച ചെയ്യും.
*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖
🔳ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റു പറ്റിയത് തനിക്കാണെന്നും കോണ്‍ഗ്രസ് നേതൃത്വം ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്നും ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. അവുക്കാദര്‍കുട്ടിനഹ പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി തന്റെ രക്ഷാകര്‍ത്താവാണെന്നും ആ രക്ഷാകര്‍തൃത്വം ഇനിയും വേണമെന്നും ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു.
🔳സ്‌കൂളുകള്‍ക്ക് ആശ്വാസമായി സ്‌കൂള്‍ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കാലാവധി നീട്ടി നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബറില്‍ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്. നവംബറില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
🔳കെഎസ്ആര്‍ടിസിയിലെ ശമ്പളപരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ എംഡി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 , 6 തിയതികളിലും എംപ്ളോയീസ് സംഘ് നവംബര്‍ 5 നും പണിമുടക്കും. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ധനമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ബുധനാഴ്ച ചര്‍ച്ച നടത്തും.
🔳പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ ഇനി പൊതുജനങ്ങള്‍ക്കും സ്വന്തം. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരനും ബുക്ക് ചെയ്യാനാകും. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും.
🔳കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കെ. മുരളീധരന്‍ എംപിയെ വിമര്‍ശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മുരളീധരന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതാണെന്നും മേയറെ അപമാനിച്ച മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നും ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. ഭരണിപ്പാട്ടുകാരിയാണ് മേയറെന്ന പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് മുരളീധരന് തന്നെയാണെന്ന് നാടിനറിയാമെന്നും ആനാവൂര്‍ വിമര്‍ശിച്ചു.
🔳കോവിഡിനെ തുടര്‍ന്ന് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. നവംബര്‍ ഒന്ന് മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.
🔳മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കുമെന്ന് അണ്ണാ ഡിഎംകെ കോ-ഓര്‍ഡിനേറ്റര്‍ ഒ. പനീര്‍ശെല്‍വം. പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ശശികല ആരംഭിച്ച സാഹചര്യത്തിലാണ് ഒപിഎസിന്റെ പ്രസ്താവന. എന്നാല്‍, ശശികലയെ പാര്‍ട്ടിയില്‍ എടുക്കുന്നത് സംബന്ധിച്ച് ആലോചനയില്ലെന്ന് പാര്‍ട്ടിയുടെ ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ എടപ്പാടി പളനിസാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
🔳പഞ്ചാബില്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ അധികാരപരിധി വിപുലീകരിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും. കേന്ദ്ര നീക്കത്തെ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റ ലംഘനമെന്നാണ് ചന്നി വിശേഷിപ്പിച്ചത്. ഒരു സംസ്ഥാനത്തിനുള്ളില്‍ മറ്റൊരു സംസ്ഥാനം സൃഷ്ടിച്ച് കേന്ദ്രം രാജ്യത്തെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് സിദ്ദുവും ആരോപിച്ചു.
🔳പാക് പ്രതിരോധ ജേര്‍ണലിസ്റ്റ് അറൂസ അലമിന് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന പഞ്ചാബ് ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. തന്റെ സുഹൃത്തായ അറൂസ അലമിന് പ്രതിരോധം തീര്‍ത്തുകൊണ്ടാണ് ക്യാപ്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജ്, കേന്ദ്രമന്ത്രി അശ്വനി കുമാര്‍ എന്നിവരടങ്ങുന്ന പ്രമുഖര്‍ക്കൊപ്പമുള്ള അറൂസ അലമിന്റെ പത്തിലധികം ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ക്യാപ്റ്റന്റെ മറുപടി. ‘ഇവരെല്ലാം ഐഎസ്‌ഐയുടെ കോണ്‍ടാക്റ്റുകളാണെന്ന് ഞാന്‍ കരുതുന്നു’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
🔳ബാങ്ക് വായ്പയെടുത്ത് ആഡംബര കാര്‍ വാങ്ങിയെന്നും ബിജെപിക്കാരനായതിനാല്‍ ഇഡി തന്നെ ഒരിക്കലും പിന്തുടരില്ലെന്നുമുള്ള എംപിയുടെ പരാമര്‍ശം വിവാദമായി. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനം ചെയ്യവെയാണ് എംപി സഞ്ജയ് പാട്ടീലിന്റെ പരാമര്‍ശം.
🔳ലോകമാകെ കൊവിഡ് പടര്‍ന്ന് പിടിച്ചതിന് ശേഷം വീണ്ടുമൊരു ജനാധിപത്യ ഭരണകൂടത്തെ കൂടി സൈന്യം കീഴടക്കി. മ്യാന്മാറിനും അഫ്ഗാനിസ്ഥാനും ശേഷം സുഡാനിലാണ് ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈനീക ഭരണകൂടം അധികാരം ഏറ്റെടുത്തത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഡാനില്‍ രൂപപ്പെട്ട് വന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് സൈന്യം അധികാരമേറ്റെടുത്തതായി ജനറല്‍ അബ്ദല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അറിയിച്ചത്.
🔳സാമ്പത്തിക തകര്‍ച്ചയില്‍നിന്നും രക്ഷിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍, അഫ്ഗാനിസ്താനില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ലക്ഷക്കണക്കിനാളുകള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. താലിബാന്‍ വന്നതിനു ശേഷമുള്ള പ്രതിസന്ധിക്കിടെ രാജ്യാന്തര സമൂഹം മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ അടിയന്തിരമായി വിതരണം ചെയ്യുമെന്നും ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്ലി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 3.9 കോടിയാണ് അഫ്ഗാനിസ്താനിലെ ജനസംഖ്യ. ഇതില്‍ 2.2 കോടി ആളുകള്‍ പട്ടിണിയുടെ വക്കത്താണെന്നും അദ്ദേഹം പറഞ്ഞു.
🔳കഞ്ചാവ് വളര്‍ത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാകാനൊരുങ്ങി ലക്‌സംബര്‍ഗ്. പുതിയ നിയമപ്രകാരം ലക്‌സംബര്‍ഗിലെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കാനും ഓരോ വീട്ടിലും നാല് ചെടികള്‍ വരെ വളര്‍ത്താനും അനുവാദമുണ്ടായിരിക്കും.
🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി പത്ത് ടീമുകളുടെ അങ്കം. അഹമ്മദാബാദും ലഖ്‌നൗവും ആസ്ഥാനമായുള്ള രണ്ട് പുതിയ ടീമുകളെ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. യുഎഇയില്‍ നടന്ന ലേലത്തില്‍ 7090 കോടി രൂപയ്ക്ക് സഞ്ജീവ് ഗോയങ്ക നയിക്കുന്ന ‘ആര്‍പിഎസ്ജി ഗ്രൂപ്പ്’ ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി. സ്വകാര്യ ഇക്വിറ്റി ഫേം ആയ ‘സിവിസി കാപിറ്റല്‍’ അഹമ്മദാബാദ് ടീമിനേയും നേടിയെടുത്തു. 5166 കോടി രൂപ മുടക്കിയാണ് സിവിസി അഹമ്മദാബാദ് ടീമിന്റെ ഉടമകളായത്.
🔳ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ 130 റണ്‍സിന് വീഴ്ത്തി വമ്പന്‍ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലന്‍ഡ് ഓപ്പണിംഗ് വിക്കറ്റില്‍ 28 റണ്‍സടിച്ചെങ്കിലും 32 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി. നാലോവറില്‍ 20 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത മുജീബ് ഉര്‍ റഹ്‌മാനും 2.2 ഓവറില്‍ ഒമ്പത് റണ്‍സിന് നാലു വിക്കറ്റെടുത്ത റാഷിദ് ഖാനും ചേര്‍ന്നാണ് സ്‌കോട്‌ലന്‍ഡിനെ കറക്കി വീഴ്ത്തിയത്. ടി20 ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വിജയമാര്‍ജിനാണിത്. സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 190-4, സ്‌കോട്‌ലന്‍ഡ് 10.2 ഓവറില്‍ 60ന് ഓള്‍ ഔട്ട്. ജയത്തോടെ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും അഫ്ഗാനിസ്ഥാനായി.
🔳കേരളത്തില്‍ ഇന്നലെ 61,202 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 9 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,873 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9010 പേര്‍ രോഗമുക്തി നേടി. ഇതോടെ 74,735 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 48.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149.
🔳രാജ്യത്ത് ഇന്നലെ 11,816 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 16,037 പേര്‍ രോഗമുക്തി നേടി. മരണം 357. ഇതോടെ ആകെ മരണം 4,55,100 ആയി. ഇതുവരെ 3,35,75,623 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.57 ലക്ഷം കോവിഡ് രോഗികള്‍.
🔳തമിഴ്നാട്ടില്‍ ഇന്നലെ 1,112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,07,057 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 34,158 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,567 പേര്‍ക്കും റഷ്യയില്‍ 37,930 പേര്‍ക്കും തുര്‍ക്കിയില്‍ 27,663 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.47 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,744 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 306 പേരും റഷ്യയില്‍ 1069 പേരും ഉക്രെയിനില്‍ 330 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.68 ലക്ഷം.
🔳2016ല്‍ സേവനം തുടങ്ങിയതിനുശേഷം ഇതാദ്യമായി റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ 1.11 കോടി വരിക്കാരാണ് ജിയോക്ക് നഷ്ടമായത്. കോവിഡിന്റെ രണ്ടാംതരഗത്തെതുടര്‍ന്ന് താഴ്ന്ന വരുമാനക്കാരില്‍ പലരും കണക്ഷന്‍ ഉപേക്ഷിച്ചതാണ് കാരണമായി കമ്പനി വിലയിരുത്തുന്നത്. വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതോടൊപ്പം മൊത്തം വരുമാനത്തിലും ഇടിവുണ്ടായതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിലയന്‍സിന്റെ പാദഫലത്തില്‍ പറയുന്നു. ട്രായ് ഈയിടെ പുറത്തുവിട്ട കണക്കുപ്രകാരം ജിയോയുടെ സജീവ വരിക്കാരുടെ എണ്ണം 80ശതമാനത്തില്‍താഴെയാണ്. ഭാരതി എയര്‍ടെലിന്റേത് 98ശതമാനവും വോഡാഫോണ്‍ ഐഡിയയുടേത് 87ശതമാനവുമാണ്.
🔳കോവിഡിനു ശേഷം വര്‍ക്ക് ഫ്രം ഹോം സമ്പ്രദായത്തില്‍ നിന്നു പുറത്തേയ്ക്കു വന്നുകൊണ്ടിരിക്കുകയാണ് ഐടി മേഖല. ഓഫീസുകള്‍ തുറക്കുമ്പോള്‍ ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് മേഖലയിലെ കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത്. നാല് പ്രധാന ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.എല്‍. ടെക്നോളജീസ് എന്നിവര്‍ മാത്രം ഈ വര്‍ഷം 1,20,000 പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്. കമ്പനികള്‍ തന്നെയാണ് പാദാടിസ്ഥാന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിത്.
🔳അമിത് ചക്കാലക്കല്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’ ഡിസംബര്‍ 10ന് തിയേറ്ററിലെത്തും. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ‘ജിബൂട്ടി’യിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മ്മിക്കുന്ന ചിത്രം എസ്.ജെ സിനു ആണ് സംവിധാനം ചെയ്യുന്നത്. എസ്. ജെ. സിനുവിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ‘ജിബൂട്ടി’. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് 75 ശതമാനവും പൂര്‍ത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
🔳ജോണ്‍ എബ്രഹാം നായകനാകുന്ന ചിത്രമാണ് സത്യമേവ ജയതേ 2. മിലാപ് സവേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിലാപ് സവേരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജോണ്‍ എബ്രഹാം മൂന്ന് കഥാപാത്രങ്ങളായാണ് സത്യമേവ ജയതേ 2ല്‍ അഭിനയിക്കുന്നത്. സത്യ, ജയ്, എന്നീ കഥാപാത്രങ്ങളായും അവരുടെ അച്ഛനായും അഭിനയിക്കുന്നു. പൊലീസുകാരന്‍, രാഷ്ട്രീയക്കാരന്‍, കര്‍ഷകന്‍ എന്നീ വേഷങ്ങളിലാണ് ജോണ്‍ എബ്രഹാമിനെ സത്യമേവജയതേ 2വില്‍ കാണാനാകുക.
🔳അടുത്തിടെയാണ് മാരുതി എര്‍ട്ടിഗയെ റൂമിയോണ്‍ എന്ന പേരില്‍ ടൊയോട്ട ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്കും എത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5-ലിറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുള്ള വാഹനമാണ് എര്‍ട്ടിഗ. ടൊയോട്ട ബ്രാന്‍ഡില്‍ എത്തുമ്പോഴും ഈ ജനപ്രിയ എം.പി.വിക്ക് കാര്യമായ ഒരു മാറ്റവും ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳കോണ്‍ഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ. ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതത്തിന്റെ ഓര്‍മ്മപ്പുസ്തകമാണിത്. രാഷ്ട്രീയവും സാഹിത്യവും സാംസ്‌കാരികവും സാമൂഹികവുമായ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകത്തില്‍ സ്‌നേഹത്തിന്റെ പനിനീര്‍പ്പൂക്കളും വിദ്വേഷത്തിന്റെ കാരമുള്ളുകളും വായനക്കാര്‍ക്ക് കാണുവാന്‍ സാധിക്കും. ‘ഇന്നലെയുടെ തീരത്ത്’. ഡിസി ബുക്സ്. വില 379 രൂപ.
🔳കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ വാക്‌സിനോളം ഫലപ്രദമായ മറ്റൊരു മാര്‍ഗം നിലവില്‍ ലഭ്യമല്ല. മാസ്‌ക് ധരിക്കുന്നതും, സാമൂഹികാകലം പാലിക്കുന്നതും, ഇടവിട്ട് കൈകള്‍ ശുചിയാക്കുന്നതുമെല്ലാം കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ തന്നെ. എന്നാല്‍ വാക്‌സിനോളം രോഗത്തെ ചെറുക്കാന്‍ ഇതൊന്നും തന്നെ പര്യാപ്തമല്ല. വാക്‌സിനെടുത്തവരിലും കൊവിഡ് പിടിപെടുന്നുണ്ട് എന്നതിനാല്‍ വാക്‌സിനെതിരെയുള്ള വികാരവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനെടുക്കുന്നത് കൊണ്ട് രോഗതീവ്രത കുറയ്ക്കാമെന്നതാണ് പ്രധാനമായ നേട്ടം. ഒരിക്കല്‍ കൊവിഡ് വന്നവരില്‍ അടുത്ത നാല് മാസത്തിന് ശേഷം വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത കാണുന്നുവെന്നാണ് അടുത്തിടെ യുഎസില്‍ നിന്ന് പുറത്തുവന്നൊരു പഠനം സൂചിപ്പിക്കുന്നത്. ഏതാണ്ട് അഞ്ച് ശതമാനത്തോളം ഈ സാധ്യത നിലനില്‍ക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുതന്നെ 17 മാസമാകുമ്പോള്‍ 50 ശതമാനമായി ഉയരുകയും ചെയ്യുമത്രേ. അതായത് കൊവിഡ് പിടിപെട്ട ശേഷവും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അവശ്യം വേണ്ട കാര്യമാണെന്ന് സാരം.