Headlines

‘മെസിയെ കാണിച്ചു കൊടുത്ത് വോട്ട് വാങ്ങാമെന്ന് കരുതി, എത്ര തുക ചെലവായെന്ന് കായിക മന്ത്രി വ്യക്തമാക്കണം’; പിഎംഎ സലാം

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് എത്ര തുക ചെലവായെന്ന് വ്യക്തമാക്കാൻ കായിക മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ പറയാൻ ഇല്ലാത്തതിനാൽ മെസിയെ കാണിച്ചു കൊടുത്ത് വോട്ട് വാങ്ങാം എന്നാണ് കരുതിയത്. വരവ് എന്തുകൊണ്ട് റദ്ദായിയെന്ന് ചോദിക്കുന്നവരെ അപഹസിക്കുകയല്ല വേണ്ടതെന്നും പിഎംഎ സലാം പറഞ്ഞു.

”കേരളത്തിൽ മെസി വരുന്നു എന്ന് പറഞ്ഞു കോലാഹലം ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി. ഇതിന് വേണ്ടി കേരളത്തിന്റെ പൊതുഘജനാവിൽ നിന്ന് എത്ര രൂപ ചിലവഴിച്ചു? പണം ചിലവഴിച്ചതിൽ കായിക മന്ത്രിക്ക് എത്ര പങ്കുണ്ട്? അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിക്കാൻ വിദേശത്തേക്ക് പോകാൻ കായിക മന്ത്രി എത്ര രൂപ ചിലവഴിച്ചു? എന്നിട്ട് ഇപ്പോൾ മെസി വരില്ലെന്ന് പറഞ്ഞു. ഇത് ആരെ കബളിപ്പിക്കാനാണ്? തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ പറയാൻ ഇല്ലാത്തതിനാൽ മെസ്സിയെ കാണിച്ചുകൊടുത്ത് വോട്ട് വാങ്ങാമെന്നാണ് കരുതിയത്. ഇത് കേരളമാണെന്ന ബോധം ഇവർക്ക് ഇല്ല.

എന്താണ് സംഭവിച്ചതെന്നും ഇതിനായി എത്ര രൂപ മുടക്കിയെന്നും വ്യക്തമാക്കാൻ കായിക മന്ത്രിക്ക് ഉത്തരവാദിത്വം ഉണ്ട്. വരവ് എന്തുകൊണ്ട് റദ്ദായി എന്ന് ചോദിക്കുന്നവരുടെ മേലെ കയറിയിട്ട് കാര്യമുണ്ടോ? ചോദിക്കുന്നവരെ അപഹസിക്കൽ അല്ല വേണ്ടത്. എന്താണ് വരവ് മുടങ്ങാൻ കാരണമെന്ന് ജനങ്ങളോട് പറയാനുള്ള സാമാന്യ മറിയാദ മന്ത്രി കാണിക്കണം.” – പിഎംഎ സലാം പറഞ്ഞു.