ലിയോണൽ മെസി വരുമെന്ന് പറഞ്ഞു കായിക പ്രേമികളെ ആവേശത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കേരളത്തിലെ കായിക പ്രേമികളോടുള്ള വഞ്ചനയാണിത്. മെസിയെ കൊണ്ടുവരാൻ ശ്രമിക്കണം. അല്ലെങ്കിൽ കായികപ്രേമികളോട് മാപ്പ് പറയണമെന്നും പിഎംഎ സലാം പറഞ്ഞു.
സർക്കാർ പറഞ്ഞ എന്ത് കാര്യമാണ് ചെയ്തതിട്ടുള്ളതെന്നും വാഗ്ദാനങ്ങൾ ഒന്ന് പോലും നടപ്പാക്കാറില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബറിൽ വരുമെന്നായിരുന്നു മന്ത്രിയും സംഘവും ആദ്യം പറഞ്ഞത്. പിന്നിലെ നിരവധി അനിശ്ചിതത്വങ്ങളുണ്ടായി. ഒടുവിൽ മെസ്സി കേരളത്തിൽ വരുമെന്ന് അറിയിപ്പുമായി മന്ത്രിയുടെ ഓഫീസ് വീണ്ടും രംഗത്ത് വന്നിരുന്നു. നല്ലൊരു ഫുട്ബോൾ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകർ അടക്കം ഉയർത്തി. അപ്പോഴും മെസി എത്തും എന്ന് മന്ത്രി ആവർത്തിച്ചിരുന്നു. ഒക്ടോബറിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വരേണ്ടെന്ന് പറഞ്ഞത് സ്പോൺസർ ആണെന്ന് മന്ത്രി പറയുന്നു.
ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബർ 11 മുതൽ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദർശനം. കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നി നഗരങ്ങളിൽ സംഘം എത്തും. കൊൽക്കത്തയിൽ എത്തുന്ന ടീം ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡയിലും ചില സൗഹൃദ മത്സരങ്ങളുണ്ട്. കൂടാതെ 14 ന് മുംബൈയിൽ ബോളിവുഡ് താരങ്ങൾ സംബന്ധിക്കുന്ന പരിപാടികളിൽ മെസി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.