Headlines

ബിരിയാണി പ്രഖ്യാപനത്തിലൊതുങ്ങി; അങ്കണവാടി കുട്ടികളുടെ മെനു പരിഷ്കരണം നടപ്പായില്ല

സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകാനുള്ള പ്രഖ്യാപനം നടപ്പായില്ല. മെനു പരിഷ്കരിച്ച് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി രണ്ട് മാസമായിട്ടും കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. അധിക ഫണ്ട് ലഭിച്ചിട്ടില്ലെന്ന് അധ്യാപകർ പറയുന്നു.

മുട്ട ബിരിയാണി, പുലാവ് ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരുന്നത്. അങ്കണവാടിയിലെ ആയമാർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി പരിശീലനം നൽകേണ്ടതുണ്ട്. ഇതിന് ശേഷം ഫണ്ട് അനുവദിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഒരു ​കുട്ടിക്ക് അഞ്ച് രൂപ വീതമാണ് നൽ‌കുന്നത്. എന്നാൽ ഈ രൂപയ്ക്ക് എങ്ങനെയാണ് ബിരിയാണി ഉൾപ്പെടെ ഉണ്ടാക്കി കുട്ടികൾക്ക് നൽകുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരുന്നത്. അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കിയത്. എന്നാൽ ഇത് കുട്ടികൾക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല.