Headlines

‘ട്രംപാ’ഘാതത്തിൽ വിപണി; സ്വർണവില കൂടി, രൂപയ്ക്ക് തിരിച്ചടിയായി താരിഫ് ഭീഷണി

ഇന്ത്യക്ക് മേലുള്ള പകരച്ചുങ്ക വർധനയുമായി മുന്നോട്ടുപോകുമെന്ന ട്രംപിന്റെ മുന്നറിയിപ്പും ഫെഡറൽ റിസർവ് പലിശ കുറച്ചക്കുമെന്ന സൂചനയും വിവിധ വിപണികളെ ബാധിക്കുന്നത് പല മട്ടിലാണ്. ഫെഡ് സെപ്റ്റംബറിലും ഡിസംബറിലുമായി രണ്ട് തവണ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞത് സ്വർണവില കൂടാനിടയാക്കി.

സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. പവന് ഇന്ന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഒരു പവന്റെ വില മുക്കാൽ ലക്ഷത്തിന് 40 രൂപ മാത്രം കുറഞ്ഞ നിരക്കിലാണ്- 74,960 രൂപ, ഗ്രാമിന് വില 9,370 രൂപയായി. പണിക്കൂലിയും ജി എസ് ടിയുമടക്കം 80,000 രൂപയ്ക്ക് മുകളിൽ നൽകിയാലേ ഒരു പവൻ ആഭരണരൂപത്തിൽ ലഭിക്കൂ. ഈ മാസം 1,760 രൂപയാണ് പവന് വർധിച്ചത്.

ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റം ഡോളറിന് കരുത്ത് നൽകിയപ്പോൾ രൂപ ഇടിവിലാണ്. ഇന്ന് വ്യാപാരാരംഭത്തിൽ ഡോളറൊന്നിന് 20 പൈസ കുറവിലാണ് വിനിമയം നടക്കുന്നത്. ഒരു ഡോളറിന് 87 രൂപ 85 പൈസയായി. കഴിഞ്ഞ ദിവസം 87 രൂപ 65 പൈസയെന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.