അമേരിക്കയുടെ പകരച്ചുങ്ക ഭീതിയില്‍ വിപണി; ബാധിക്കുക ഏതെല്ലാം മേഖലകളെ?

ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ 25 ശതമാനം പകരച്ചുങ്കം ഇന്ന് നിലവില്‍ വരും. അമേരിക്ക ചുമത്തിയ പകരച്ചുങ്കം കാര്‍ഷികോല്‍പ്പന്നങ്ങള്‍, സമുദ്ര ഉല്‍പ്പന്നങ്ങള്‍, ടെക്‌സ്‌റ്റൈല്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍സ് എന്നിവയിലടക്കം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യു എസ് സമ്മര്‍ദ്ദത്തിനു മുന്‍പില്‍ വഴങ്ങില്ലെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. കഴിഞ്ഞ ദിവസം മന്ത്രി പിയൂഷ് ഗോയല്‍ ഇരുസഭകളിലും ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.

അഞ്ചു വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര ഉടമ്പടിയില്‍ ധാരണയിലെത്തിയിരുന്നില്ല. ആയുധത്തിനും എണ്ണയ്ക്കും ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ ട്രംപ് കഴിഞ്ഞ ദിവസം ഇന്ത്യക്ക് മേല്‍ പകരച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് ആയുധം വാങ്ങുന്നതിനാല്‍ ഇന്ത്യയില്‍ നിന്ന് പിഴ ഈടാക്കുമെന്നും ട്രംപ് പോസ്റ്റില്‍ അറിയിച്ചിരുന്നു. അഞ്ചു വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇന്ത്യയും അമേരിക്കയും വ്യാപാര ഉടമ്പടിയില്‍ ധാരണയിലെത്തിയിരുന്നില്ല.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്ന തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, വാഹനങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, ആരോഗ്യ മേഖലയിലെ അവശ്യ സാധനങ്ങള്‍ മുതലായ വസ്തുക്കള്‍ക്ക് ഇന്നുമുതല്‍ അധികച്ചുങ്കം നല്‍കേണ്ടിവരും. സമാനമായ രീതിയില്‍ ഡോണള്‍ഡ് ട്രംപ് ചൈന,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം നേരത്തേ പ്രഖ്യാപിച്ച തീരുവ കുറക്കുകയും ചെയ്തു.താരിഫ് നിര്‍ണയിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആറാം വട്ട ചര്‍ച്ച ഓഗസ്റ്റ് പകുതിയോടെയുണ്ടാകും.ഇതിന് ശേഷം നികുതിയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയില്‍ നിന്നുള്ള വ്യവസായികള്‍.