Headlines

ആശ്വാസ ജയം തേടി ശ്രീലങ്കൻ വനിതകൾ; ഇന്ത്യയ്ക്കെതിരെ നാലാം ട്വന്റി 20 ഇന്ന്

ശ്രീലങ്കൻ വനിതകൾക്കെതിരായ ഇന്ത്യയുടെ നാലാം ട്വന്റി 20 ഇന്ന് നടക്കും. രാത്രി ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ 4-0ന്റെ ലീഡ് ലക്ഷ്യമിട്ടാണ് ഹർമൻപ്രീത് കൗറും സംഘവും കളത്തിൽ എത്തുക. കാര്യവട്ടത്തെ എട്ടു വിക്കറ്റിന്റെ കരുത്തുറ്റജയത്തോടെ ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര ഇതിനോടകം നേടിക്കഴിഞ്ഞു ടീം ഇന്ത്യ. ഇനിയുള്ള ലക്ഷ്യം ഇതേ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടു മത്സരങ്ങൾ കൂടി ജയിച്ച് പരമ്പര തൂത്തുവാരുക.

ആദ്യ മൂന്നു മത്സരങ്ങളിലും ഇന്ത്യയ്ക്ക് ചെറിയ വെല്ലുവിളി ഉയർത്താൻ പോലും ലങ്കൻ വനിതകൾക്കായിട്ടില്ല. ഷഫാലി വർമ്മയുടെ വെടിക്കെട്ട് ഫോമും ദീപ്തി ശർമ്മ അടക്കമുള്ള ബൗളർമാരുടെ സ്ഥിരതയാർന്ന പ്രകടനവും ആണ് ഇന്ത്യൻ കരുത്ത്. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയുടെ ബാറ്റിൽ നിന്ന് പതിവ് റണ്ണൊഴുക്ക് ഇല്ലെന്ന് മാത്രമാണ് ആകെയൊരു നിരാശ.

അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത വനിതാ താരമെന്ന റെക്കോർഡിന് അരികയാണ് ദീപ്തി ശർമ. 151 വിക്കറ്റുമായി നിലവിൽ ഓസ്ട്രേലിയൻ താരം മേഘൻ ഷൂട്ടുമായി റെക്കോർഡ് പങ്കിടുക്കുകയാണ് ഇന്ത്യൻ ഓൾ റൗണ്ടർ. പരമ്പര പിടിച്ചതോടെ ടീമിൽ പരീക്ഷണങ്ങൾക്കും ഇന്ത്യ മുതിർന്നേക്കും. ജി കമാലിനിക്ക് അരങ്ങേറ്റത്തിന് അവസരം കൊടുക്കുന്നതിനൊപ്പം ഹർലീൻ ഡിയോളും പ്ലെയിങ് ഇലവനിൽ എത്തിയേക്കും.

അതേസമയം ക്യാപ്റ്റൻ ചമരി അട്ടപ്പെട്ടു അടക്കമുള്ള ബാറ്റർമാരുടെ സ്ഥിരത ഇല്ലായ്മയും അത്ര പരിചയസമ്പന്നരല്ലാത്ത സ്ക്വാഡുമാണ് ലങ്കയുടെ പ്രശ്നം. ഇനിയുള്ള മത്സരങ്ങളിലെങ്കിലും ജയിച്ച് മാനം കാക്കാൻ വമ്പൻ പ്രകടനം തന്നെ വേണം സന്ദർശകർക്ക്.