കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഏകദിന പരമ്പര നേടിയ ഇന്ത്യ ട്വന്റി പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇറങ്ങുക. രാത്രി എട്ട് മണിക്കാണ് മല്‍സരം. ഏകദിനം തൂത്തുവരാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. 2-1നാണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഏകദിനത്തില്‍ അഞ്ച് പുതുമുഖങ്ങളെ ഇറക്കിയ പരീക്ഷണം ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.
ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോം കാഴ്ചവച്ച വരുണ്‍ ചക്രവര്‍ത്തി, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക് വാദ് എന്നിവര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയേക്കും. പൃഥ്വി ഷാ, സൂര്യ കുമാര്‍ യാദവ്, ജയന്ത് എന്നിവര്‍ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിനാലാണ് താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ ടീമില്‍ ഇടം നേടിയെങ്കിലും പരിക്കിനെ തുടര്‍ന്ന് കളിക്കാന്‍ ഭാഗ്യം ലഭിക്കാത്ത താരമാണ് 29 കാരനായ വരുണ്‍ ചക്രവര്‍ത്തി.